Friday, 29 May 2015

ജവാന്‍

ആരൊക്കെയോ വന്നിടയ്ക്കിടെ
അതിര്‍ത്തിയിലെത്തി
മാഞ്ഞുതുടങ്ങിയ അടയാളങ്ങളില്‍
ചായം പൂശിയിരുന്നതോര്‍മ്മയുണ്ട്

'സമാധാനം' എന്നൊരു വാക്ക്    
അവരുടെ നിഘണ്ടുവില്‍ വീണ്ടും
തിടുക്കപ്പെട്ടു
എഴുതിച്ചേര്‍ത്തിരുന്നതോര്‍മ്മയുണ്ട്

വെടിയൊച്ചകള്‍ക്കൊടുവില്‍
ഉയരെ വീശി വീശി
കാണിച്ച വെള്ള കൊടിയെ
ദിവസങ്ങള്‍ക്കു ശേഷം അവര്‍
ചുവപ്പെന്നു വിളിച്ചിരുന്നതോര്‍മ്മയുണ്ട്

ഇവടമെന്തൊരു വിചിത്രമായ
നിശബ്ദതയാണെന്നാലോചിച്ചാലോചിച്ച്
ഓരോ ഉറക്കത്തിലും തുടരെ തുടരെ
നമ്മളോരോരുത്തരും
വെടിയുണ്ടകള്‍ പായിക്കുന്നത്
സ്വപ്നം കണ്ടിരുന്നതോര്‍മ്മയുണ്ട്

മരിക്കും മുന്‍പേ
നാട്ടിലേക്കുള്ള വിദൂര വഴികളില്‍
ചിലതൊക്കെ നമ്മള്‍ മനപൂര്‍വ്വം
മറന്നുവച്ചിരുന്നതോര്‍മ്മയുണ്ട്.

വേണ്ട വേണ്ട
എനിയൊരോര്‍മ്മയ്ക്കു കൂടി
സന്ധിയില്ലാസമരത്തിനിടമില്ലിവിടെ

No comments:

Post a Comment