പ്രിയപ്പെട്ടവളേ,
വളരെ ചെറിയൊരു കാര്യം നിന്നോട് പറയാൻ വേണ്ടി മാത്രമാണ് ഞാനിന്ന് ഇത്ര
തിടുക്കപ്പെട്ട് ഈ കത്തെഴുതുന്നത്. നീ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും പറയത്തക്ക ഒരു പണിയും ഇല്ലാത്ത എനിക്ക് എന്താണ് ഇത്ര തിരക്കെന്ന്. എന്റെ പെണ്ണേ, ചേട്ടന്റെ നിർബന്ധം മൂലം എറണാകുളത്തുള്ള ചിലകമ്പനികളിലേക്ക് പുതിയൊരു ജോലിക്ക് അപേക്ഷിക്കാനിരിക്കുകയാണ്.
എന്തെങ്കിലും ഒന്ന് തരപ്പെടും എന്നാണ് എനിക്ക് തോന്നുന്നത്. അത് എപ്പോഴാണെന്നൊ എങ്ങനെ ആണെന്നൊ എന്താണെന്നൊ എന്ന് എനിക്കിപ്പോൾ പറയാൻ കഴിയില്ല. എന്തിരുന്നാലും ഏതെങ്കിലും കമ്പനിയിൽ നിന്ന് അറിയിപ്പ് വന്നാൽ ഉടൻ ഞാൻ പോകാൻ തന്നെ നിശ്ചയിച്ചിരിക്കുകയാണ്. സഖീ, എനിക്കറിയാം നിനക്ക് എന്റെ അഭാവം ഉണ്ടാക്കാൻ പോകുന്ന വിരസത. പെണ്ണേ, അത് വിരസത തന്നെ ആയിരിക്കില്ലേ.. എന്താണെന്ന് അറിയില്ല അങ്ങനെ ആയിരിക്കേണമേ എന്നാണ് ഇപ്പോഴെന്റെ പ്രാർത്ഥന.
ഈ കത്ത് ഞാൻ എഴുതികൊണ്ടിരിക്കെ വീട്ടുകാരെക്കാൾ അധികാരത്തോടേ പാതി തുറന്ന വാതിലിലൂടെ നമ്മുടെ ലൂസിപൂച്ച അകത്തേക്ക് പതിയെ കയറി വരുന്നുണ്ട്. അവളാദ്യമായി എന്റെ വീട്ടിലെക്ക് വന്ന രാത്രി ഞാൻ ഓർക്കുന്നു. നല്ല മഴയുണ്ടായിരുന്ന ഒരു ദിവസം നീ കുടയെടുക്കാതെ കോളേജിൽ മഴ നനഞ്ഞ് പോയതിനു കടവിൽ വച്ച് തമാശയെന്നോണം ഞാൻ ശകാരിച്ചപ്പോൾ നീ പിണങ്ങിപ്പോയില്ലേ.. അന്നേ ദിവസം മഴ തോർന്നിട്ടില്ലാത്ത രാത്രി, മുറ്റത്ത് നിന്ന് ഒരു ചെറിയ കരച്ചിൽ കേട്ട അമ്മ വാതിൽ തുറന്നു നോക്കിയപ്പോൾ വരാന്തയിൽ കയറാൻ മടിച്ച് ഒരു അപരിചിതയെപ്പോലെ മഴനനഞ്ഞ് മുറ്റത്ത് തന്നെ നിൽക്കുന്നു ഒരു പാവം പൂച്ചക്കുഞ്ഞ്, നമ്മുടെ ലൂസി.!
പ്രിയേ, നീയും എന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ നമ്മുടെ ലൂസിയെപ്പോലെ
മടിച്ചുനിൽക്കുകയാണെന്ന് ഞാൻ വെറുതെയെങ്കിലും വിശ്വസിക്കട്ടെ.! നീ വാതിലിൽ എത്ര ഉറക്കെ മുട്ടിയിട്ടും ഞാൻ
കേൾക്കുന്നില്ല എന്ന് നടിച്ച് അത്
തുറക്കാത്തിടത്തോളം കാലം, നിനക്ക് എന്റെ ജീവിതത്തിലേക്കുള്ള പ്രവേശനം ഈ ഞാൻ തന്നെയാണ് വിലക്കുന്നത് എന്ന സത്യം മനപൂർവ്വമെങ്കിലും ആ ഒരു വിശ്വാസം കൊണ്ട് മറച്ച് പിടിക്കുകയാണ് ഞാൻ. എല്ലായിടത്തും ഒരു വേലികെട്ട് ഓരോ മനുഷ്യനും തീർക്കേണ്ടതുണ്ടെന്ന് തോന്നുന്നു. അങ്ങനെ ആകുമ്പോൾ മാത്രമല്ലേ പെണ്ണേ, അനുവാദം കൂടാതെ മറ്റൊരാളും നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കാതിരിക്കുള്ളൂ..
No comments:
Post a Comment