Wednesday 8 February 2017

നിനക്കുള്ള കത്തുകൾ10

പ്രിയപ്പെട്ടവളെ,
നിനക്ക് സുഖം തന്നെ എന്ന് വിശ്വസിക്കട്ടെ!
ഞാനിത്രയും നാൾ നീ അവസാനമയച്ച കത്തിൽ തന്നെ കുരുങ്ങിക്കിടക്കുകയായിരുന്നു. അതിൽ എനിക്ക് അസാധ്യമായ എന്തോ ഒന്ന് നീ എഴുതിച്ചേർത്തിരുന്നത് പോലെ.. 
വെറും കണക്കുകൾ മാത്രം എഴുതിയും കൂട്ടിയും കുറച്ചും മാത്രം പരിചയമുള്ള ഈ
എന്നോട് കവിത എഴുതുവാൻ ആവശ്യപ്പെട്ട ആദ്യത്തെയും അവസാനത്തെയും വ്യക്തി നീയായിരിക്കും. എന്റെ  കൂട്ടലും കുറക്കലുകൾക്കുമിടയിൽ  എല്ലായ്പ്പോഴും ഉത്തരം തെറ്റുന്ന വിഷയം തന്നെ നീ എനിക്ക് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നു. പ്രണയത്തെക്കുറിച്ചോരു കവിത-അത് എന്റെ ആ നസ്രാണി കൊച്ചിനോട് പറഞ്ഞപ്പോൾ അവൾക്ക് ചിരി നിർത്താൻ നന്നേ പാടുപെടേണ്ടി വന്നു. 
സഖീ, നിന്റെ കത്തുകൾക്ക് മറുപടി എഴുതുക എന്നത് എനിക്കിപ്പോൾ ഏറെ വിഷമകരമായ കാര്യങ്ങളിൽ ഒന്നായ് മാറിയിരിക്കുന്നു. വലിയ വലിയ വിഷമതകളിൽ നിന്നാണല്ലോ പെണ്ണേ ചെറിയ ചെറിയ സുഖങ്ങൾ മനുഷ്യർ കണ്ടെത്തുന്നത്. നിനക്ക് മറുപടി എഴുതുവാൻ ഇത്രയേറെ  വൈകിയതിന്റെ കാരണം ആ തീരെ ചെറിയ സുഖം ഇപ്പൊൾ എനിക്ക് അനുഭവിക്കാനുള്ള ഇടമില്ല എന്നത്കൊണ്ട് തന്നെയാണ്.

ഉറുമ്പുകൾ അരിമണികളും മറ്റും ഒറ്റയ്ക്കും കൂട്ടത്തോടെയും കടത്തുന്നത് നീ കണ്ടിട്ടില്ലേ.
അനുസരണയോടെ എത്ര ശ്രദ്ധാലുവായാണ് അവ അത് ചെയ്യുന്നത്. എല്ലാ കുട്ടികളെയും പോലെ ഞാനും കുഞ്ഞായിരുന്നപ്പോൾ ആ വരികൾക്കിടയിൽ നമുക്കേറ്റവും ചെറുതെന്നു തോന്നുന്ന തടസ്സം നീക്കിവച്ച് കളിച്ചിരുന്നു. അപ്പോൾ ആ ഉറുമ്പുകളൊക്കെയും വലിയൊരു ദുഃഖത്തിൽ ആഴ്ന്നിരുന്നുകാണും. വലിയ സന്തോഷങ്ങളിലേക്കുള്ള യാത്രയിൽ അവയും ഇത്തിരി വിഷമതകൾ തരണം ചെയ്യട്ടെ അല്ലേ.. 
പക്ഷേ പെണ്ണേ അത്ഭുതമെന്ന് പറയട്ടെ
അല്പസമയംകൊണ്ട് മുറിഞ്ഞുപോയ അവയുടെ വരി മറ്റൊരുവിധേന സൗകര്യപൂർവ്വം അവതന്നെ പുനസ്ഥാപിച്ചിട്ടുണ്ടാവും. അതിന്നും അങ്ങനെതന്നെ.
സഖീ, പ്രണയത്തെക്കുറിച്ച് കവിത എഴുതുവാനിരുന്ന ഞാൻ ദു:ഖങ്ങൾക്കൊടുവിലുള്ള സന്തോഷങ്ങളെക്കുറിച്ചാണല്ലേ എഴുതിപ്പോകുന്നത്. നമ്മുടെ പ്രണയത്തിന്റെ പൂർണ്ണതയിലേക്കുള്ള യാത്രയിൽ ഞാൻ സ്വയം സൃഷ്ടിക്കുന്ന അനേകം തടസ്സങ്ങൾ ബേധിക്കാൻ ഈ ഉറുമ്പുകളുടെ കഥ നിനക്ക് ശക്തി നൽകട്ടെ!!
പ്രിയേ, നീണ്ട ഒരുമാസം നമ്മളിൽ രണ്ടുപേരിലും എന്തൊക്കെ മാറ്റങ്ങളാണ് കാലം വരച്ചും മായ്ച്ചും കൊണ്ടിരുന്നത് എന്ന് ഞാൻ ഇപ്പോൾ ഓർത്തുപോയി. എന്റെ ഭാഷയിൽ മാറ്റം വന്നിരിക്കുന്നോ..? വീണ്ടും കവിതയിൽ നിന്നും എങ്ങോട്ടാണ് പ്രിയേ ഞാനീ കത്തിനെ കൊണ്ടുപോകുന്നത്. മനുഷ്യന്റെ ചിന്തകൾ അങ്ങനെയാണല്ലോ ആവശ്യമില്ലാത്തിടത്ത് അനാവശ്യമായി ചിലത് തിളച്ച് കൊണ്ടിരിക്കും.

സഖീ, എന്നെക്കൊണ്ട് കവിത എഴുതുവാൻ സാധിക്കുമോ എന്ന എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകയുടെ പരിഹാസം ഒരു വെല്ലുവിളിയായി സ്വീകരിച്ച് ഇന്നലെ രാത്രി ഞാൻ പേന കയ്യിലെടുത്തു. ഒരു വലിയ കവിയെപ്പോലെ ആലോചനയിൽ മുഴുകി. എന്തെഴുതും..? പ്രണയത്തെക്കുറിച്ച് ആരും എഴുതാത്തതായ് എന്താണിനി ബാക്കിയുള്ളത്..? പ്രണയത്തെക്കുറിച്ച് ഇന്നോളമുണ്ടായ എല്ലാ കവിതകളും പൊള്ളത്തരങ്ങൾ നിറഞ്ഞ വെറും പുകഴ്ത്തലുകൾ മാത്രമാണെന്ന് ഞാൻ എഴുതട്ടെ. അല്ലെങ്കിൽ വേണ്ട, മലയാള ബിരുദക്കാരിയായ നിനക്കത്  ഇഷ്ടമാകില്ലല്ലോ.. അത് അങ്ങനെത്തന്നെയിരിക്കട്ടെ.

ഇപ്പോഴെന്തേ മറുപടി കുറിക്കാൻ തോന്നി എന്ന നിന്റെ മുഖം കറുപ്പിച്ചുള്ള നോട്ടത്തെ താണുവണങ്ങിക്കൊണ്ട് ഞാൻ പറയട്ടെ..
ഇന്ന് അപ്രതീക്ഷിതമായ് കയ്യിൽത്തടഞ്ഞ ഒരു പത്രത്താളിൽ ഒരു എട്ടുവരി ഗദ്യകവിത
എന്റെ ശ്രദ്ധയിൽ പെടുകയുണ്ടായി. അതുതന്നെയാണ് ഈ മറുപടിക്കുള്ള കാരണവും. അത് ഞാനിവിടെ കുറിക്കട്ടെ.

"നമ്മുടെ ഈ ആകാശത്ത്
മേശപ്പുറത്തിരിക്കുന്ന
ചായ കോപ്പയില്‍ നിന്നുയരുന്ന
ചെറുചൂടുമാത്രമേ
ഞാനിപ്പോള്‍ രുചിക്കുന്നുള്ളൂ.
മധുരവും കടുപ്പവും ഇടകലർന്ന
അതിലെ പാനീയം
വറ്റിപ്പോയിരിക്കുന്നു."

അതെ പെണ്ണെ മുഷിഞ്ഞ വായുനിറഞ്ഞ, വറ്റിയ ഒരു ചായ കോപ്പയ്ക്കരികിൽ ഇരുന്നുകൊണ്ട് പ്രണയത്തെക്കുറിച്ച് ഒരു വരിപോലും എനിക്ക് എഴുതുവാൻ സാധിക്കില്ല. എന്തും കവിതയാകുന്ന ഈ കാലത്ത് ഈ കത്തും മറ്റൊരു വിഷാദ കവിതയായ് നമുക്കിടയിൽ വായിക്കപ്പെടട്ടെ!

Monday 12 December 2016

നിനക്കുള്ള കത്തുകൾ9

പ്രിയപ്പെട്ടവളേ,

നിന്റെ കത്തുകിട്ടി. ഉടൻ തന്നെ മറുപടി എഴുതേണം എന്ന് തോന്നി. ഇത്രയും കാലത്തിനിടയ്ക്ക്‌ ആദ്യമായാണ് എന്റെ ആശംസയൊട്ടുമില്ലാതെ ഒരു പിറന്നാൾ ദിനം കടന്നുപോകുന്നത്‌ അല്ലേ.. ആദ്യം തന്നെ അതിനു ക്ഷമ ചോദിച്ചോട്ടെ. ഈ കഴിഞ്ഞ വെള്ളിയാഴ്ച തന്നെയായിരുന്നു നമ്മുടെ ബോസ്സിന്റെ മകളുടേയും ജന്മദിനം. അവൾ 15 വയസ്സ്‌ തികച്ചിരിക്കുന്നു. അന്നേ ദിവസം രാത്രി അദ്ദേഹത്തിന്റെ വീട്ടിൽ വച്ച്‌ നടന്ന വലിയൊരു പാർട്ടിയിൽ ഓഫീസിലെ എല്ലാവർക്കും കുടുംബസമേതം ക്ഷണം ഉണ്ടായിരുന്നു.
പ്രിയേ, ഓരോരുത്തരും അവർക്കു പ്രിയപ്പെട്ടവരെ കൂടെ കൊണ്ടുവന്നപ്പോൾ ഞാൻ മാത്രം അന്ന് അവിടെ കൂടെ ആരുമില്ലാതെ ഒറ്റയ്ക്ക്‌ ആയിരുന്നു. അതുകൊണ്ടുതന്നെ അധികം ആരോടും സംസാരിക്കാതെ ഞാനൊരു മൂലയ്ക്ക്  പോയിരുന്നു. സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല എന്നതാണ് സത്യം.

പ്രിയേ, ഒരു മനുഷ്യായുസ്സ്‌ മുഴുവൻ കഴിക്കുവാനുള്ള ഭക്ഷണം അവിടെ
വിളമ്പി. വിളമ്പി എന്നല്ല യഥാർത്ഥത്തിൽ പറയേണ്ടത്, നിരനിരയായി മനോഹരങ്ങളായ പാത്രങ്ങളിൽ നിരത്തിവച്ചിരിക്കുന്നു എണ്ണിയാൽ തീരാത്തത്ര വിഭവങ്ങൾ. നമുക്കിഷ്ടമുള്ളത് അടുത്തുള്ള ഒരു പാത്രത്തിൽ എടുത്ത് കഴിക്കാം. എനിക്ക് നാടൻ ഭക്ഷണത്തോടാണ് പ്രിയമെങ്കിലും ആദ്യമായി കാണുകയായിരുന്ന ഒരു ചൂടുള്ള  വിഭവം തന്നെ ഞാൻ എടുത്ത് കഴിച്ചു. ഏറ്റവും കൂടുതൽ പേർ കഴിച്ചതും അത് തന്നെ. അവരേയും പോലെ ഞാനും ആ 'നല്ല രുചി' മുഖത്ത് വരുത്താൻ ശ്രമിച്ചു. അവിടെ കൂടിയിരിക്കുന്ന അത്രയും പേരുടെ മുൻപിൽ ഞാൻ മാത്രം അങ്ങനെ ചെറുതാവരുതല്ലോ പെണ്ണേ..
ജന്മദിനങ്ങൾ ചില മനുഷ്യർ ഇത്രവലിയ ആഘോഷമാക്കുന്നത് എന്തിനാണ്..? ഓരോ വയസ്സ് കൂടുമ്പോഴും നമ്മൾ മരണത്തിലേക്ക് താഴ്ന്നുകൊണ്ടിരിക്കുകയാണ് എന്ന സത്യം മറച്ചുപിടിക്കാൻ ഈ വ്യാജചമയങ്ങൾക്ക് സാധിക്കുന്നുണ്ടാകും അല്ലേ..
എനിക്കീ ആഘോഷങ്ങളെ അവിടെ നിരത്തിവച്ചിരുന്ന ഒഴിയും തോറും പ്രത്യേകം തയാറാക്കപ്പെട്ട ജോലിക്കാരാൽ നിറയ്ക്കപ്പെടുന്ന വിഭവങ്ങളുമായാണ് താരതമ്യം ചെയ്യാൻ തോന്നുന്നത്. പലതരം വിഭവങ്ങൾ നിറഞ്ഞ ജീവിതം, പക്ഷേ, അതിൽ നിന്നും നമുക്കിഷ്ടമുള്ളത് അല്ലെങ്കിൽ മറ്റുള്ളവരുടെ താല്പര്യങ്ങൾക്ക് അനുസൃതമായി അതും അല്ലെങ്കിൽ മറ്റ് ചിലരേയെങ്കിലും ബോധ്യപ്പെടുത്താൻ വേണ്ടി എന്നെപ്പോലെ ഇഷ്ടമില്ലാത്ത വിഭവങ്ങൾപോലും പലർക്കും കഴിക്കേണ്ടിവരുന്നു.
ഞായറും കഴിഞ് തിങ്കളാഴ്ച നബിദിന അവധി ആയതിനാൽ അതും കഴിഞ്ഞുള്ള അടുത്ത ദിവസമായിരിക്കും നിനക്കീ കത്ത് ലഭിക്കുക. 
ഇസ്ലാം ആചാരപ്രകാരം അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം. അതിനെപ്പറ്റി ഇന്നലെ അബൂക്ക പറഞ്ഞ ചില കൗതുകങ്ങൾ നിന്നെയും അറിയിക്കട്ടെ..
ക്രിസ്തുവർഷം 571 ഏപ്രിൽ 21ന് പുലർച്ചെ സുബ്‌ഹിയോട് അടുത്ത സമയത്താണ് മുഹമ്മദ് നബി ജനിച്ചത്. അദ്ദേഹം മരണപ്പെട്ടതും അറുപത്തിമൂന്നാം വയസ്സിൽ ഇതേ ദിവസം തന്നെയാണത്രേ!!
ഒരു വിഭാഗം വിശ്വാസികൾ ഈ ദിനം  ആഘോഷിക്കുമ്പോൾ മറ്റൊരു വിഭാഗം നബിദിനം ആഘോഷിക്കുന്നതിനെതിരാണ്.
സൗദി അറേബ്യൻ ഭരണകൂടം നബിദിനം നിയമം മൂലം നിരോധിച്ചിട്ടുപോലുമുണ്ട്. അതേസമയം മറ്റ് അറബ് രാജ്യങ്ങൾ ഈ ദിനം ഔദ്യോഗീകമായി  ആഘോഷിക്കുകയും ചെയ്യുന്നു.

ഒരു പ്രവാചകന്റെ മരണദിനം ആഘോഷമാക്കാൻ ഒരുങ്ങുന്ന ഒരുപറ്റം വിശ്വാസികളെ മനസ്സാൽ പുച്‌ഛിച്ചും കൊണ്ട് അല്പജ്ഞാനിയായ ഞാൻ ഏറെ വൈകിയെങ്കിലും നിനക്ക്  ജന്മദിനാശംസകൾ നേരുന്നു.

Wednesday 7 December 2016

നിനക്കുള്ള കത്തുകൾ8

പ്രിയപ്പെട്ടവളേ,

സെപ്റ്റംബർ 7 ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അഞ്ചാം വാർഷികമായിരുന്നു. പാട്ടും ഡാൻസും നാടകവുമൊക്കെയായി സന്തോഷപൂർവ്വം അത് കഴിഞ്ഞുപോയി. മിനേഷിന്റെ പാട്ടോടും കൂടിയാണ് പരിപാടി ആരംഭിച്ചത്. നമ്മുടെ ഓഫീസിലെ ഏറ്റവും പ്രായം കുറഞ്ഞ സുമുഖനായ ആ ചെറുപ്പക്കാരൻ നല്ലൊരു ഗായകനാണ്. ആദ്യം ഒരു  പ്രണയഗാനവും പിന്നീട് വിരഹഗാനവും പാടിയതോടെ സദസ്സ് പൂർണ്ണമായും കയ്യടക്കാൻ അവന് നിഷ്പ്രയാസം  സാധിച്ചു. ഞാനൊഴികെ മറ്റെല്ലാവരും പുറത്തും അണിയറയിലുമൊക്കെയിരുന്ന് കയ്യടിച്ചു. എന്റെ ജീവിതത്തിലെ രണ്ടു കാലഘട്ടമായിരുന്നു ആ എട്ടുമിനുട്ടിൽ എനിക്ക് മുൻപിൽ അവതരിപ്പിക്കപ്പെട്ടത്. അത് കേട്ടിരുന്ന് ഞാൻ എങ്ങനെ കയ്യടിക്കാനാണ് പെണ്ണേ.. 'എന്റെ പ്രണയമേ..' എന്ന് ഞാൻ അറിയാതെ  മനസ്സിൽ പലവട്ടം ഉരുവിട്ടുപോയിരിക്കുന്നു അപ്പോൾ.
മിനേഷിനെ പോലെ എത്ര എത്ര മനുഷ്യരാണ് അകമേ ഒളിപ്പിച്ചുവച്ച കഴിവുമായി ഈ ലോകത്ത് ജീവിക്കുന്നത്. അല്ല, സഖീ
ജീവിക്കേണ്ടിവരുന്നത് എന്നല്ലേ യാഥാർഥ്യം.?

പെണ്ണേ.. നീ വിശ്വസിക്കുമോ എന്നെനിക്ക് അറിയില്ല. അന്നത്തെ പരിപാടിയുടെ ഭാഗമായി നടന്ന ഒരു ഹാസ്യനാടകത്തിൽ ഞാനും ചെറിയൊരു അഭിനയം കാഴ്ചവച്ചിരുന്നു. സ്‌കൂൾപടി കാണുമ്പോൾ തന്നെ ഉറക്കം തൂങ്ങിയിരുന്ന ഈ ഞാൻ ആ നാടകത്തിൽ ഒരു സ്‌കൂൾ അദ്ധ്യാപകനായി അഭിനയിച്ചിരിക്കുന്നു. ആത്മാർത്ഥമായിതന്നെ നിന്നോട് ഞാൻ പറഞ്ഞുകൊള്ളട്ടെ, എന്നെ സംബന്ധിച്ചിടത്തോളം അത്രയ്ക്ക് സുഖമുള്ള ഏർപ്പാട് ഒന്നുമല്ല ഈ അദ്ധ്യാപനം എന്ന ജോലി. 
പ്രിയേ നിനക്ക് ഓർമ്മയുണ്ടോ, നാലാം ക്ലാസിൽ നിന്നെ കണക്ക് പഠിപ്പിച്ചിരുന്ന ആ കറുത്തുതടിച്ച രാജൻ മാഷിനെ. എന്നെയും പഠിപ്പിച്ചതും അദ്ദേഹം തന്നെയായിരുന്നു. പാഠഭാഗങ്ങൾ പറഞ്ഞുതരുമ്പോൾ  അദ്ദേഹത്തിന്റെ കണ്ണുകൾ കൂടുതൽ ഭയമുളവാക്കുമായിരുന്നു എന്ന് നീ പറയാറുണ്ടായിരുന്നത് ഞാൻ ഓർക്കുന്നു. കണക്ക് പോലെ തന്നെയാണ് പെണ്ണേ കണക്ക് മാഷും എന്ന് ഞാൻ അപ്പോൾ മറുപടിനൽകാറും ഉണ്ടായിരുന്നു. ഇനിയൊരിക്കൽ നീ അദ്ദേഹത്തെക്കുറിച്ച് പറയുമ്പോൾ, കണക്കും കണക്ക് മാഷേയും പോലെ തന്നെയാണ് ജീവിച്ച് തുടങ്ങുമ്പോൾ ജീവിതവും എന്നായിരിക്കും എന്റെ മറുപടി.
അതും നമ്മളെ സ്നേഹത്തോടെയെങ്കിലും കണ്ണുരുട്ടി പേടിപ്പെടുത്തിക്കൊണ്ടേയിരിക്കും. അതെ പെണ്ണെ ഒരു കറുത്ത തടിച്ച നിരന്തരം കണ്ണുരുട്ടി കൊണ്ടിരിക്കുന്ന ഒരു കണക്കുമാഷിന്റെ മുൻപിൽ ഉത്തരം കിട്ടാതെ വലയുന്ന ഒരു നാലാംക്ലാസ് വിദ്യാർത്ഥിയാണ് എന്റെ ജീവിതവും ഇപ്പോൾ. 
രാജൻ മാഷ്, അദ്ദേഹം ഇപ്പോൾ മരണപ്പെട്ടു കാണുമായിരിക്കും അല്ലേ..! വേണ്ട, ഈ കത്തിലെങ്കിലും മരണം കടന്നുവരാതിരിക്കട്ടെ..

സഖീ.. അന്നത്തെ ഹാസ്യ നാടകത്തിൽ എന്റെ അദ്ധ്യാപക കഥാപാത്രത്തിന് കാര്യമായ ഹാസ്യപ്രാധാന്യം ഒന്നും സത്യത്തിൽ ഉണ്ടായിരുന്നില്ല. ഒരിക്കൽ പോലും നിന്നെ ചിരിപ്പിക്കാൻ പോലും കഴിയാതെ പോയ എനിക്ക് ഒരു ചെറു നാടകത്തിലൂടെ എങ്ങനെയാണ് മുൻപിൽ ഇരിക്കുന്ന വ്യത്യസ്തരായ അനേകം സഹപ്രവർത്തകരെയും മറ്റുള്ളവരെയും ചിരിപ്പിക്കാൻ സാധിക്കുക..? 
പക്ഷേ, അപ്പുണ്ണിയായി അഭിനയിച്ച സരോജ് മുഴുവനാളേയും  ചിരിപ്പിച്ചുകൊണ്ടേയിരുന്നു. മാനസീക വൈകല്യമുള്ള ഒരു ചെറുപ്പക്കാരനാണ് അപ്പുണ്ണി. അവന്റെ രസകരമായ നിൽപ്പ് മാത്രം കണ്ടാൽമതി ചിരിയുടെ മർമ്മമിളകാൻ. വൈകല്യങ്ങളെ എങ്ങനെ മറ്റുള്ളവരുടെ സന്തോഷത്തിനു കാരണമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണം തന്നെയായിരുന്നു അപ്പുണ്ണിയുടെ  കഥാപാത്രം.
പ്രിയമുള്ളവളെ, പുതിയ മനുഷ്യന്റെ സന്തോഷത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് അടുത്ത ക്ലാസിൽ കണ്ണുരുട്ടാത്ത ഏതെങ്കിലും ഒരു അദ്ധ്യാപകനോട് ചോദിക്കണം നീ. ആ ചോദ്യം ഒരു കണക്ക് മാഷേപ്പോലെ അവരേയും നോക്കി കണ്ണുരുട്ടട്ടെ.!

Sunday 27 November 2016

നിനക്കുള്ള കത്തുകൾ7

പ്രിയപ്പെട്ടവളേ,

അവസാനമയച്ച കത്തിൽ ഇത്തിരി വേദന കയറിക്കൂടിയത് നിന്നെ ഏറെ വിഷമത്തിൽ ആഴ്ത്തിയിരിക്കുന്നു അല്ലേ.. മറുപടി കത്തിൽ അത് മുഴച്ചിരിക്കുന്നത് എനിക്ക് നന്നായി കാണാമായിരുന്നു. നിന്നോട് കൂടുതൽ വിശേഷങ്ങൾ ഒന്നും പങ്കുവയ്ക്കാൻ സാധിക്കാതിരുന്നതിൽ ഒരു ചെറിയ വിഷമം ഉള്ളിൽ കിടന്ന് കുറച്ച് ദിവസമായി ഉരുണ്ട് കളിക്കുകയാണ്. സാരമില്ല.! 
എനിക്ക് കത്തുകൾ എത്തിച്ചുതരാറുള്ള ഇവിടുത്തെ പോസ്റ്റുമാൻ ആളൊരു തമാശക്കാരനാണ്. ഓഫീസ്
അഡ്രസ്സിൽ ഞാനൊഴികെ മറ്റൊരു സഹപ്രവർത്തകർക്കും കത്തുകൾ വരാറില്ല. തുടർച്ചയായി നിന്റെ കത്തുകൾ എനിക്ക് എത്തിച്ചുതരുവാൻ മാത്രമായി അദ്ദേഹം വലിയൊരു ദൂരം സൈക്കിൾ ചവിട്ടി ഇവിടെ വരുന്നു. അതിന് അദ്ദേഹത്തിന് പരിഭവമേതും ഇല്ല. നിനക്ക് ഒരു തമാശകേൾക്കണോ, നിന്റെ കത്തുകൾ അദ്ദേഹം 'കാമുകനുള്ള കത്തുകൾ' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. അത് ഏറ്റുവാങ്ങുമ്പോൾ എന്റെ മുഖത്ത് നാണം നിറയും. അധികമാരും ശ്രെദ്ധിക്കാത്ത വിധം ഞാനത് മറച്ചുവയ്ക്കാൻ ശ്രമിക്കും.
നാണം പെണ്ണിന്റെ മാത്രം ജന്മസിദ്ധമായ കഴിവാണ് അതിനാൽ ആണുങ്ങൾ അങ്ങനെ നാണിക്കരുതല്ലോ പെണ്ണെ.. 
പക്ഷെ എന്റെ കത്തുകൾ ആകാംഷയോടെ പൊട്ടിച്ച് വായിച്ചുതുടങ്ങുമ്പോൾ നീയെല്ലാ യ്പ്പോഴും നിരാശവതി ആകുന്നു. എനിക്കറിയാം പ്രിയേ അവയൊരിക്കലും 'കാമുകിക്കുള്ള കത്തുകൾ' എന്ന വിശേഷണം ഒട്ടും അർഹിക്കുന്നവയേ അല്ല എന്ന്.

വെക്കേഷൻ  ആയതുകൊണ്ട്‌ എൽ.കെ.ജി യിൽ പഠിക്കുന്ന മോനേയും കൂട്ടി ചേച്ചീ വീട്ടിലേക്ക് വന്നിട്ടുണ്ടെന്ന് അമ്മ വിളിച്ചപ്പോൾ പറഞ്ഞിട്ടുണ്ടായിരുന്നു. ചേച്ചിയുടെ വരവിന്റെ യഥാർത്ഥ കാരണം അവസാനമയച്ച കത്തിൽ ഞാൻ പറഞ്ഞത് തന്നെയാണ്. പെൺവർഗ്ഗമെന്നും അങ്ങനെതന്നെയാണല്ലോ.. സഖീ, ഇതാ നിന്റെ നീളൻമൂക്ക് ഇപ്പോൾ ചുവന്നിരിക്കുന്നു. എന്റെ പെണ്ണേ.. അടുത്ത വായനയിൽ ആ വരി വെട്ടിക്കളഞ്ഞു വായിച്ചുകൊള്ളുക.

മാറിലേക്ക് നീളൻ മുടി മാടിയിട്ട്, കണ്ണെഴുതി, തുളസ്സിക്കതിർ ചൂടി അമ്പലം ചുറ്റുന്ന പഴേ നിന്നെ കണ്ട് ഒരു ആണായി പിറന്നതിൽ ഞാൻ ഏറെ വിഷമിക്കുന്നെന്ന് മുൻപ്
ഒരിക്കൽ നിന്നോട് പറഞ്ഞിരുന്നത് നിനക്ക് ഓർമ്മകാണും. എന്നോട് ക്ഷമിച്ചാലും എന്റെ പ്രിയപ്പെട്ടവളേ, ഇനിയൊരിക്കലും അങ്ങനെ പറയാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നേയില്ല.

നമ്മുടെ ചേച്ചിയുടെ കുട്ടി ആളൊരു കുസൃതി പയ്യൻ തന്നെയാണ് കേട്ടോ, എന്തോ ഒരു കളിപ്പാട്ടത്തിനുവേണ്ടി അവൻ വാശിപിടിച്ച് കരയുന്നത് എനിക്ക് കേൾക്കാമായിരുന്നു ഫോണിലൂടെ. നമുക്ക് ഒട്ടും വിലയില്ലാത്ത ചില വസ്തുക്കൾക്ക് ഈ കുട്ടികൾ എന്ത് വിലയാണ് കല്പിക്കുന്നതെന്ന് ഞാൻ ചിലപ്പോഴൊക്കെ അതിശയിക്കാറുണ്ട്. ഞാനും നീയുമൊക്കെ ആൺപെൺ ബേധമില്ലാതെ തന്നെ പലപ്പോഴും ആ കുഞ്ഞിനെ പോലെ ഒട്ടും വിലയില്ലാത്ത പലതിനും വേണ്ടി ഈ പ്രായത്തിലും കരഞ്ഞുകൊണ്ടിരിക്കുന്നത് എന്ത് തമാശയാണ്. അല്ലെങ്കിൽ തന്നെ ആരാണ്, എന്ത് അടിസ്ഥാനമാക്കിയാണ് പെണ്ണേ നാം പലതിനും വിലനിശ്ചയിച്ചിരിക്കുന്നത്..?

അവന്റെ കരച്ചിൽ മാറ്റാനെന്നോണം ചേച്ചി ഫോൺ അവന്റെ ചെവിയോട് ചേർത്തുവച്ചു. അലറിവിളിച്ചുള്ള കരച്ചിൽ സഹിക്കാനാവാതെയും അവനെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അറിയാതെയും ഞാൻ ഒരു നിമിഷം പകച്ചു. ആൺകുട്ടികളുടെ കരച്ചിൽ അവസാനിപ്പിക്കാൻ എല്ലാ രക്ഷിതാക്കളും മുതിർന്നവരും പ്രയോഗിക്കാറുള്ള ആ വാചകം തന്നെ ഞാനും ഒടുവിൽ പ്രയോഗിച്ചു. 'ആൺകുട്ടികൾ ഇങ്ങനെ കരയാൻ പാടില്ലാ ട്ടോ..' എന്ന്  തന്നെ!

യാഥാർത്ഥത്തിൽ നാം മുതിർന്നവർ കുട്ടികൾക്കിടയിൽ ഒട്ടും വിവരം ഇല്ലാത്തവരും നുണയന്മാരുമായി താഴ്ന്നുപോകുന്നല്ലോ എന്നോർത്ത് അപ്പോൾ എനിക്ക് എന്നോട് തന്നെ എന്തെന്നില്ലാത്ത വെറുപ്പ് തോന്നിയെന്ന് പറഞ്ഞാൽ ഞാൻ നിന്നോട് പറയുന്ന ഏറ്റവും വലിയ കള്ളങ്ങളിൽ ഒന്നെന്നെ നീ ധരിച്ച് വയ്ക്കുള്ളൂ..

പ്രിയേ.. ആണുങ്ങൾ കരയാൻ പാടില്ല എന്ന് ഞാനടക്കമുള്ളവർ കാലങ്ങളായി നമ്മുടെ കുട്ടികളെ പറഞ്ഞു പറ്റിച്ചുകൊണ്ടേയിരിക്കുന്നതെന്തിനാണ്..?
എന്റെ കുഞ്ഞേ, നീ നിന്റെ കുഞ്ഞു തലപുകയ്‌ക്കേണ്ട അതും ആലോചിച്ച്.
ഇപ്പറഞ്ഞതും ഒരു കള്ളമായി തന്നെ കരുതിയാൽ മതി നീയും. ആണുങ്ങളാരും കരയുന്നില്ല എന്ന് തന്നെ നീ കൂട്ടിക്കൊള്ളൂ.. പിന്നെ ഈ കത്തിൽ പടർന്ന നനവ് അത് നിന്നെ കാണുവാനുള്ള ഓർമ്മ മൂത്തിട്ടാണ്.

Tuesday 22 November 2016

നിനക്കുള്ള കത്തുകൾ6

പ്രിയപ്പെട്ടവളേ,

കഴിഞ്ഞ ദിവസം അമ്മ വിളിച്ചു. അടുത്ത ആഴ്ച വീട് ഭാഗംവയ്ക്കലാണ്. അല്ല, ഉറപ്പോടെയിരുന്ന ചില ബന്ധങ്ങളെ വെട്ടി മുറിക്കലാണ് എന്ന് പറയുന്നതാവും ശരി. നിനക്ക് വടക്കേ പറമ്പിലെ 6 സെന്റ്‌ പോരെ എന്ന് ചോദിച്ചു. ഞാൻ ഒന്നും പറഞ്ഞില്ല. എനിക്ക് അവിടെ ഓണംകേറാ മൂലയിൽ എത്ര സെന്റ്‌ കിട്ടിയാലെന്ത്‌. പെങ്ങൾക്ക് സ്ഥലം വേണ്ടെന്ന് പറഞ്ഞു. അവൾക്ക് പണമായോ സ്വർണ്ണമായോ മതിയെന്നാണ്.
പിന്നെ ചേട്ടൻ ബോംബയിൽ നല്ല ജോലി ഉപേക്ഷിച്ച് ഇനി നാട്ടിൽ വന്നു താമസിക്കുമെന്ന് തോന്നുന്നില്ല. ചേട്ടത്തിക്കും ബോംബെയാണ് പ്രിയം. അതുകൊണ്ട്‌ ചേട്ടന്റെ ഓഹരി പുറത്ത്‌ വിൽക്കാനായിരിക്കും ഉദ്ധേശം. അതിനാണ് റോഡിനോട് ചേർന്ന കണ്ണായ സ്ഥലം തനിക്ക് വേണമെന്ന് അമ്മയുമായി ആദ്യം തന്നെ ചട്ടം കെട്ടിയത്‌. അവനവന്റെ കാര്യം വരുമ്പോൾ എല്ലാവരെയും പോലെ ഞാനും സ്വാർത്ഥൻ തന്നെയാണ്. നാളെ അമ്മയെ വിളിച്ച്‌  എനിക്ക് റോഡിനോട് ചേർന്ന സ്ഥലം തന്നെ വേണം എന്ന് പറയും. സഖീ, ഇതാ ഈ പറഞ്ഞ ഞാൻ തന്നെ അല്ലേ ഇപ്പോൾ ബന്ധങ്ങളെ വെട്ടിമുറിക്കാൻ വാളോങ്ങുന്നത്‌.
പെണ്ണേ, ഞാൻ നിർബന്ധിച്ചെന്ന് കരുതി ആ തീരുമാനത്തെ ചേട്ടനോ ചേട്ടത്തിയോ എന്തിന് അമ്മ പോലും അനുകൂലിക്കില്ലെന്ന് എനിക്ക് നന്നായി അറിയാം. പിന്നെ  എവിടെയും ഞാൻ തോറ്റ് കൊടുക്കുന്നതല്ല,
പലയിടത്തും അവസാനം തോറ്റുപോകുന്നതുമാത്രമാണെന്ന്
ചിലരെയെങ്കിലും മനപ്പൂർവ്വം തെറ്റിധരിപ്പിക്കേണം എനിക്ക്. അതെ പെണ്ണേ നീയും ആ  ചിലരിൽ ഒരാൾ തന്നെയാണ്.
ഈ കത്തെഴുതുന്നത്‌ ഓഫീസിൽ ഉച്ചയ്ക്കുള്ള ഒഴിവുസമയത്താണ്. ഊണുകഴിക്കാൻ നല്ലവരായ സഹപ്രവർത്തകർ എല്ലാവരും നിർബന്ധിച്ചിട്ടും എനിക്കത്‌ നിരസിക്കേണ്ടിവന്നു. ഇങ്ങനെയൊക്കെ തന്നെയായിരിക്കും ബന്ധങ്ങളുടെ കണ്ണികൾ പതിയെ അടർന്നു മാറുന്നത് അല്ലേ..

അത് പോട്ടേ.. നെല്ലിക്കുന്ന് തോട്ടിൽ നിന്നും കുട്ടിക്കാലത്ത് അമ്മുവും നീയും ചൂണ്ടയിട്ടു പിടിക്കാറുള്ള ഒരു ചെറിയ മീനുണ്ടായിരുന്നല്ലൊ, അതിന്റെ പേര് ഞാനിപ്പോൾ മറന്നുപോയിരിക്കുന്നു. സാരമില്ല, ഇവിടെ എത്തിയതിനു ശേഷം മറവി ഒരു അത്ഭുതം ആയൊന്നും തോന്നുന്നില്ല. ഭൂമിയെ പുതിയ തലമുറയ്ക്ക് അളന്നുമുറിച്ചു കൊടുത്തപ്പോൾ പൂർവ്വികർ ആരെങ്കിലും കരുതിക്കാണുമോ
ആ തോടുപോലും പില്ക്കാലത്ത് ഓർമ്മയിൽപ്പോലും ഉണ്ടാകില്ലെന്ന്.!

പ്രിയേ, മരണത്തിന്റെ അവസാന നിമിഷവും നമുക്ക്‌ എത്രയോ നിസാരമായ ആ ചെറിയ മീൻപോലും കരയിൽ കിടന്നു ജീവനുവേണ്ടി ഏറെനേരം പോരടിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിലെ എല്ലാ ജീവജാലങ്ങളും ജയിക്കുവാനുള്ള പോരാട്ടത്തിൽ ആണ്. ഓരോ നിമിഷവും എല്ലാവരും പോരാളികൾ.
അവിടെ നിരന്തരം പോരടിച്ചുകൊണ്ടിരിക്കുന്നവരുടെ ഇടയിൽപ്പെട്ട്  ഒന്നും ചെയ്യാനില്ലാതെ നിസ്സഹായനായിപ്പോകുന്നു എന്നെപ്പോലെയുള്ള ചില മനുഷ്യർ.
ഈ കത്ത് കൂടുതൽ ഒന്നും എഴുതാനാവാതെ നിന്നെ ഏറെ വേദനിപ്പിച്ചും കൊണ്ട് ഞാൻ ചുരുക്കുകയാണ്.

Sunday 20 November 2016

നിനക്കുള്ള കത്തുകൾ5

പ്രിയപ്പെട്ടവളേ,

ഈ കത്ത്‌ നിനക്ക് കിട്ടുന്നത് സ്വാതന്ത്ര്യദിനം  കഴിഞ്ഞുള്ള ആദ്യ തിങ്കളാഴ്ചയോ അത്‌ കഴിഞ്ഞുള്ള മറ്റേതെങ്കിലും ദിവസമോ ആയിരിക്കും. കുറച്ച്‌ നേരത്തെ എഴുതേണം എന്ന് വിചാരിച്ചതായിരുന്നു. ഇവിടെ അത്രയ്ക്ക്‌ തിരക്കാണോ എന്നാവും ഇപ്പോൾ നിന്റെ ചിന്ത..
ഇത്തവണ സ്വാതന്ത്ര്യദിനത്തിൽ എന്താണ് പ്രത്യേകത എന്ന് നിനക്കറിയുമോ..?
എന്ത്‌ പ്രത്യേകത എന്നല്ലേ, ശരിയാണ് അതിൽ വലിയ പ്രത്യേകതയൊന്നും ഒരുപക്ഷേ നമുക്ക്‌ തോന്നില്ല. ഭൂമിയിലെ എല്ലാവിധ സുഖദു:ഖങ്ങളും നിറഞ്ഞ ജീവിതത്തിൽ നിന്നും വിടപറഞ്ഞ്‌ ശരീരം ഉപേക്ഷിച്ച്‌ അതേതുമില്ലാത്ത മറ്റൊരുലോകത്ത്‌ പോയ ആത്മാക്കൾ പ്രിയപ്പെട്ടവരെ കാണാൻ വിരുന്നുവരുന്ന കർക്കിടകവാവ്‌ കഴിഞ്ഞ അടുത്ത ദിവസമാണ് ഇത്തവണ നമുക്ക്‌ സ്വാതന്ത്ര്യദിനം. ഒരിക്കലും അവസാനിക്കാത്ത ആഗ്രഹങ്ങളും ചിന്തകളും വികാരവും കൊണ്ട്‌ മുഷിഞ്ഞ മനുഷ്യശരീരത്തിൽ നിന്നും പരേതർക്ക്‌ സ്വാതന്ത്ര്യം കിട്ടിയത്‌ ജീവിച്ചിരിക്കുന്നവരെ ഓർമ്മപ്പെടുത്തുന്ന ദിവസത്തിന്റെ പിറ്റേന്ന്.
അതിരിക്കട്ടെ പെണ്ണേ നീ സ്വതന്ത്ര്യയാണോ ഇപ്പോൾ..? നെറ്റിചുളിക്കേണ്ടാ.. ചിന്തകൊണ്ട്‌ നീയും ഞാനും എല്ലാവരും പൂർണ്ണമായും സ്വതന്ത്ര്യരാണ് എപ്പോഴും. ജീവിച്ചിരിക്കെ അതിൽ ഒരംശം പോലും നമ്മളാരും സ്വതന്ത്ര്യരല്ലതാനും.

സ്വാതന്ത്ര്യദിനത്തിൽ നമുക്കിവിടെ ഓഫീസ്‌ അവധി ഇല്ല. പുതുതായി ജോലിക്ക് കയറിയ ഒരു സുഹൃത്ത് അധികാരത്തോടെ
അവധി ആവശ്യപ്പെട്ടിരുന്നു. അത് ആലോചനയൊന്നും കൂടാതെ നിരസിക്കപ്പെട്ടപ്പോൾ ആ സുഹൃത്ത് ഉടൻ ക്ഷുഭിതനായി,
'രാജ്യത്തിനു ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയ ആ ഒരു ദിവസം പോലും നമുക്ക് ഇവിടെ ജോലി സ്ഥലത്ത് അതിൽ നിന്നും മോചനമില്ലേ..'
എന്നൊരു കത്ത് ബോസ്സിനു കൊടുത്തു വിട്ടു. ഞങ്ങളെയൊക്കെ അത്ഭുതപ്പെടുത്തികൊണ്ട്  ബോസ്സിന്റെ മറുപടി കത്ത് ഉടൻ തന്നെ വന്നു.
അതെ, അയാൾക്ക് നമ്മുടെ കമ്പനി
ജോലിയിൽ നിന്നും പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. അന്ന് ഉച്ചയ്ക്ക് ഊൺ സമയം ഞാനും സഹപ്രവർത്തകരെല്ലാവരും അയാളുടെ
നിസ്സഹായാവസ്ഥയെക്കുറിച്ചായിരുന്നു സംസാരം. ഊണു കഴിഞ്ഞു തിരിച്ച്‌ വന്നു ജോലി തുടരുമ്പോഴേക്കും നമുക്കിടയിൽ ആ സംഭവം അന്നത്തെ നല്ലൊരു തമാശ  മത്രമായി മാറിയിരുന്നു.

പ്രിയേ, മറ്റുള്ളവർക്ക്‌ എത്രയോ സങ്കടകരമായ സന്ദർഭങ്ങൾ നമുക്ക് പലപ്പോഴും പുറത്ത് നിന്നും നോക്കുമ്പോൾ രസകരവും തമാശയും ആയി തോന്നാം,
ഒരുപക്ഷെ മറ്റുള്ളവരുടെ വികാരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്തിടത്തോളം നമ്മെ കാലം പൂർണ്ണമായും മാറ്റിയെടുത്തുകൊണ്ടിരിക്കയാവാം..

ജീവിതത്തിൽ ചില സാഹചര്യങ്ങളോട്‌ നമ്മുടെ വികാരങ്ങൾ എല്ലാം  ഒരുനിമിഷംകൊണ്ട്‌ അടിമപ്പെട്ടുപോകുന്നു. അവിടെ ഞാനടക്കമുള്ള ഓരോ മനുഷ്യനും എന്നാണ് സ്വാതന്ത്ര്യം ലഭിക്കുക..?