Friday 5 August 2016

അമൽ അന്നമ്മ

അമ്മയുടെ ഇടുങ്ങിയഗർഭപാത്രത്തിൽ നിന്നും ഭൂമിയുടെ വിശാലതയിലേക്ക് എത്തിപ്പെട്ട കുട്ടി ആശുപത്രി കിടക്കയിൽ നിന്നും അലമുറയിട്ട് കരഞ്ഞു.
ബോധം മറയും മുൻപ് അമ്മ അവനെ 'അമൽ അന്നമ്മ' എന്ന് പേര് വിളിച്ചു.
അതേസമയം പിറന്നുവീണ മറ്റ് കുട്ടികൾ മയങ്ങാനാവാതെ അമ്മമാരുടെ മുലഞ്ഞെട്ടിൽ മുളച്ചിട്ടില്ലാത്ത പല്ല് കൊണ്ട് ഭാവിയിലെക്ക് ആഴത്തിൽ കടിച്ചു മുറിവേൽപ്പിച്ചുകൊണ്ടിരുന്നു..

"കുട്ടിയെ നമുക്കൊരു ഡോക്ടറാക്കണം"
അബോധാവസ്ഥയിൽ അവളുടെ ചുണ്ടുകൾ അതുതന്നെ ഉരുവിട്ട്‍ കൊണ്ടിരുന്നു. ഒരു സ്വപനത്തിന്റെ കാവാടത്തിരുന്ന് അവൾ അകത്തേക്ക് നോക്കി.

അമ്മ കുട്ടിയുടെ ഇളം ചൂടുള്ള നെറ്റിയിൽ പതിയെ ചുംബിക്കുന്നു.
"എനിക്ക് ഇപ്പോൾ ജനിക്കേണ്ടിയിരുന്നില്ല അമ്മേ.."
അമൽ അന്നമ്മ സംസാരിച്ചു തുടങ്ങി.
"എന്നെ ഇനിയും പിറന്നിട്ടില്ലാത്ത എന്റെ അനുജന്മാർ, കൂട്ടുകാർ അവർക്കടുത്തേക്ക് തന്നെ പറഞ്ഞു വിടാമോ അമ്മേ.. ഞങ്ങൾ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അവിടെ. എപ്പോഴാണ് ഞാനമ്മയുടെ ഗർഭപാത്രത്തിൽ എത്തിപ്പെട്ടതെന്ന് എനിക്കൊട്ടും ഓർമ്മയില്ല. അമ്മേ, എന്നെ അവർ അവിടെ കളിയിടത്ത് ഇപ്പോഴും ചിലപ്പോൾ കാത്തിരിക്കുന്നുണ്ടാവും. എന്നും കൂട്ടുകാരിൽ ആരെയെങ്കിലും നമുക്ക് നഷ്ടമാകുമായിരുന്നു. അവരെ അന്വേഷിച്ച് നമ്മളെല്ലാവരും കളിയിടത്ത് മുഴുവൻ അലഞ്ഞു തിരിയും. കണ്ടെത്താൻ കഴിയില്ലെന്ന് ഉറപ്പായാൽ ഞങ്ങൾ വീണ്ടും കളി തുടരും. അവിടെ എത്ര അലഞ്ഞാലും കളിച്ചാലും ഞങ്ങളാരും തളരില്ല അമ്മേ.. നമ്മുടെ ലോകത്ത് നിന്നും അപ്രത്യക്ഷമായവരൊക്കെ എവിടെയൊക്കെയോ എന്നെപ്പോലെ ആരുടെയൊക്കെയോ സ്വന്തമായി പിറന്നു വീണുകാണും അല്ലേ.. അമ്മേ, നമുക്ക് അവിടെ അവരവരുടെതായ വീടുകളില്ല, അമ്മമാരില്ല അച്ഛന്മാരില്ല. ഞങ്ങൾ ഒന്നും പങ്ക് വയ്ക്കാറുമില്ല. സ്നേഹമോ വെറുപ്പോ ഒന്നുമില്ല. എല്ലാം എല്ലാവരുടേം ആണമ്മേ.. അവിടെയെന്നും വെളിച്ചമാണ്, ഇവിടെ ഈ മുറിക്കകത്ത് പോലും എന്ത് ഇരുട്ടാണ്.! ഇനിയും എത്രയേറെ ഇരുട്ട് കഴിഞ്ഞാലാണമ്മേ ഇത്തരിയെങ്കിലും വെളിച്ചം കിട്ടുക.?"

"കുട്ടിക്ക് ഇത്തിരി മുലപ്പാൽ കൊടുക്കൂ അന്നാ.."
നേഴ്സ് അവളെ തട്ടി വിളിച്ചു.
അന്നമ്മ ഞെട്ടിയുണർന്നു. അലറിക്കരയുന്ന കുട്ടിയുടെ വായിലേക്ക് മുല തിരുകികൊണ്ട് അവൾ മന്ത്രിച്ചു:
"ഇരുട്ട്.. എന്തൊരിരുട്ട്.."