Saturday 4 April 2015

ഒരു പുഴ

ഇന്ന് ഇവിടെ നിന്നും 
നോക്കിയാല്‍ 
ഒരു പുഴയെ ഇക്കരയിലാരോ
പണ്ട് വരച്ച മട്ടുണ്ട് 
വര മാഞ്ഞവളൊരു
പുഴയായിരുന്നെന്ന്
മറന്നുപോയത് കൊണ്ടാകാം.,
പിഴുതുമാറ്റുവാനുള്ള
തിടുക്കത്തില്‍പ്പെട്ട്
നമ്മളും നമ്മെ
മറന്നുപോയതു കൊണ്ടാകാം.,
ഇപ്പോഴും ഒഴുകുവാന്‍
മടിച്ചിരിപ്പുണ്ട് നമ്മളിലും 'ഒരു പുഴ' ..!!

രണ്ടു ഉപദേശങ്ങള്‍

രണ്ടു ഉപദേശങ്ങളില്‍ 
കുടുങ്ങി ജീവിതം 
കുഴഞ്ഞുമറിഞ്ഞു
കിടക്കുകയാണ് 

കുന്നോളം സ്വപ്നം
കാണാനും
ഒന്നും ആഗ്രഹിക്കരുതെന്നും 
പഠിപ്പിച്ചു വിട്ടത്
ഒരേ നാവാണ് 
ഒരേ കാതുകള്‍ 
കൊണ്ടാണ് കേട്ടത്

ഒന്നും ആഗ്രഹിക്കാതെ 
സ്വപ്നം കാണാന്‍ മാത്രം
ആരും പഠിപ്പിച്ചില്ല .

മടി

മടിപിടിച്ചു തുടങ്ങി 
ഇങ്ങനെ
ജീവിച്ചു ജീവിച്ചു 
ജീവന് തന്നെ
ബോറടി ആണ് 

ഒരേ പകലുകള്‍
ഒരേ രാത്രികള്‍ 
കണ്ടു മടുത്തിട്ടാണ് 
വയ്യാതായി 

ഒരേയൊരു
ശരീരമല്ലേ ഉള്ളൂ 
അതില്‍ തന്നെ
വെറുതേ
താമസിച്ചു മുഷിഞ്ഞു 

പോകും നേരം ഈ
നല്ലൊരു തമാശ കേട്ട് 
ചിരിച്ചു മരിച്ചു 
പോയാല്‍ മതി 

ഇങ്ങനെയൊക്കെ തന്നയാണ് 
മടിപിടിച്ച് തുടങ്ങുന്നത് .

ഇല്ലാത്തൊരു വഴി

ഒരു കണക്കിന്
ആലോചിക്കാതിരിക്കുന്നതാണ്
നല്ലത്
അവിടേക്കുള്ള വഴിയോ 
മറ്റോ ഓര്‍മയില്‍
കുടുങ്ങിയാല്‍ പിന്നെ
ഇവിടെവെച്ച്
ചിലപ്പോഴങ്ങോട്ട് തിരികെ
പോരേണ്ടി വരും.

കളഞ്ഞു പോകുവാന്‍
ഇവിടൊരുപാട്
വഴികളോന്നുമില്ല
എന്നാലും 
നമുക്ക് മറന്നുവയ്ക്കാന്‍
ഇവിടൊരു ഇല്ലാത്ത വഴിയുണ്ട്.

ഇനി
നമ്മുടെ വഴികളേതെന്നൊരു
ചോദ്യമാരെങ്കിലും 
എറിഞ്ഞാല്‍
അത് തീര്‍ന്നുപോയെന്ന് 
പറഞ്ഞാല്‍ മതി 

ഇതുവരെ വെട്ടി ഉണ്ടാക്കാത്ത വഴി 
അതെനിയും ഉണ്ടായിട്ടില്ലെന്ന് 
നമുക്ക് മാത്രം അറിയാം ..

Friday 3 April 2015

കാടുകയറിയ ഓര്‍മ്മകള്‍


അറിയാതെ പോകുന്നവരുണ്ട്
ഇന്നീ കാടുപിടിച്ചു കിടക്കുന്നതത്രയും
ഓര്‍മ്മകളുടെ പഴഞ്ചന്‍
വീട്ടിലേക്കുള്ള വഴികളാണെന്നു..
ആയിരം ദിശകളിലേക്ക്
തുറന്നടയുന്ന
കാണാത്ത അനേകായിരം
വാതിലിന്‍റെ മറവില്‍
എവിടെയ്ങ്കിലുമായിരിക്കാം
കാടുകളായ കാടുകളോക്കെയും
ഓര്‍മകളെ ഒളിച്ചുവയ്ക്കുന്നത് ..
ജീവന്‍ പോയാലും
ശ്വാസം വിട്ടുകൊടുക്കില്ലെന്ന
മട്ടില്‍ വരാന്തയില്‍
കൂനിക്കൂടിയിരിക്കുമ്പോഴും
കാഴ്ചയെ
കാലത്തിലേക്ക് വിട്ടു
ഭൂമിക്കെത്ര പ്രായമായെന്നു
ചുമ്മാ ശങ്കിച്ചിരിക്കുന്ന
മുത്തശ്ശിയും
ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ
ഒരു കാട് ഇറങ്ങി വരുന്നത്
അറിയുന്നുണ്ട് ..
പലരുടെയും വഴികളില്‍
കാടുകയറുന്നതും..