Sunday 20 November 2016

നിനക്കുള്ള കത്തുകൾ5

പ്രിയപ്പെട്ടവളേ,

ഈ കത്ത്‌ നിനക്ക് കിട്ടുന്നത് സ്വാതന്ത്ര്യദിനം  കഴിഞ്ഞുള്ള ആദ്യ തിങ്കളാഴ്ചയോ അത്‌ കഴിഞ്ഞുള്ള മറ്റേതെങ്കിലും ദിവസമോ ആയിരിക്കും. കുറച്ച്‌ നേരത്തെ എഴുതേണം എന്ന് വിചാരിച്ചതായിരുന്നു. ഇവിടെ അത്രയ്ക്ക്‌ തിരക്കാണോ എന്നാവും ഇപ്പോൾ നിന്റെ ചിന്ത..
ഇത്തവണ സ്വാതന്ത്ര്യദിനത്തിൽ എന്താണ് പ്രത്യേകത എന്ന് നിനക്കറിയുമോ..?
എന്ത്‌ പ്രത്യേകത എന്നല്ലേ, ശരിയാണ് അതിൽ വലിയ പ്രത്യേകതയൊന്നും ഒരുപക്ഷേ നമുക്ക്‌ തോന്നില്ല. ഭൂമിയിലെ എല്ലാവിധ സുഖദു:ഖങ്ങളും നിറഞ്ഞ ജീവിതത്തിൽ നിന്നും വിടപറഞ്ഞ്‌ ശരീരം ഉപേക്ഷിച്ച്‌ അതേതുമില്ലാത്ത മറ്റൊരുലോകത്ത്‌ പോയ ആത്മാക്കൾ പ്രിയപ്പെട്ടവരെ കാണാൻ വിരുന്നുവരുന്ന കർക്കിടകവാവ്‌ കഴിഞ്ഞ അടുത്ത ദിവസമാണ് ഇത്തവണ നമുക്ക്‌ സ്വാതന്ത്ര്യദിനം. ഒരിക്കലും അവസാനിക്കാത്ത ആഗ്രഹങ്ങളും ചിന്തകളും വികാരവും കൊണ്ട്‌ മുഷിഞ്ഞ മനുഷ്യശരീരത്തിൽ നിന്നും പരേതർക്ക്‌ സ്വാതന്ത്ര്യം കിട്ടിയത്‌ ജീവിച്ചിരിക്കുന്നവരെ ഓർമ്മപ്പെടുത്തുന്ന ദിവസത്തിന്റെ പിറ്റേന്ന്.
അതിരിക്കട്ടെ പെണ്ണേ നീ സ്വതന്ത്ര്യയാണോ ഇപ്പോൾ..? നെറ്റിചുളിക്കേണ്ടാ.. ചിന്തകൊണ്ട്‌ നീയും ഞാനും എല്ലാവരും പൂർണ്ണമായും സ്വതന്ത്ര്യരാണ് എപ്പോഴും. ജീവിച്ചിരിക്കെ അതിൽ ഒരംശം പോലും നമ്മളാരും സ്വതന്ത്ര്യരല്ലതാനും.

സ്വാതന്ത്ര്യദിനത്തിൽ നമുക്കിവിടെ ഓഫീസ്‌ അവധി ഇല്ല. പുതുതായി ജോലിക്ക് കയറിയ ഒരു സുഹൃത്ത് അധികാരത്തോടെ
അവധി ആവശ്യപ്പെട്ടിരുന്നു. അത് ആലോചനയൊന്നും കൂടാതെ നിരസിക്കപ്പെട്ടപ്പോൾ ആ സുഹൃത്ത് ഉടൻ ക്ഷുഭിതനായി,
'രാജ്യത്തിനു ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയ ആ ഒരു ദിവസം പോലും നമുക്ക് ഇവിടെ ജോലി സ്ഥലത്ത് അതിൽ നിന്നും മോചനമില്ലേ..'
എന്നൊരു കത്ത് ബോസ്സിനു കൊടുത്തു വിട്ടു. ഞങ്ങളെയൊക്കെ അത്ഭുതപ്പെടുത്തികൊണ്ട്  ബോസ്സിന്റെ മറുപടി കത്ത് ഉടൻ തന്നെ വന്നു.
അതെ, അയാൾക്ക് നമ്മുടെ കമ്പനി
ജോലിയിൽ നിന്നും പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. അന്ന് ഉച്ചയ്ക്ക് ഊൺ സമയം ഞാനും സഹപ്രവർത്തകരെല്ലാവരും അയാളുടെ
നിസ്സഹായാവസ്ഥയെക്കുറിച്ചായിരുന്നു സംസാരം. ഊണു കഴിഞ്ഞു തിരിച്ച്‌ വന്നു ജോലി തുടരുമ്പോഴേക്കും നമുക്കിടയിൽ ആ സംഭവം അന്നത്തെ നല്ലൊരു തമാശ  മത്രമായി മാറിയിരുന്നു.

പ്രിയേ, മറ്റുള്ളവർക്ക്‌ എത്രയോ സങ്കടകരമായ സന്ദർഭങ്ങൾ നമുക്ക് പലപ്പോഴും പുറത്ത് നിന്നും നോക്കുമ്പോൾ രസകരവും തമാശയും ആയി തോന്നാം,
ഒരുപക്ഷെ മറ്റുള്ളവരുടെ വികാരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്തിടത്തോളം നമ്മെ കാലം പൂർണ്ണമായും മാറ്റിയെടുത്തുകൊണ്ടിരിക്കയാവാം..

ജീവിതത്തിൽ ചില സാഹചര്യങ്ങളോട്‌ നമ്മുടെ വികാരങ്ങൾ എല്ലാം  ഒരുനിമിഷംകൊണ്ട്‌ അടിമപ്പെട്ടുപോകുന്നു. അവിടെ ഞാനടക്കമുള്ള ഓരോ മനുഷ്യനും എന്നാണ് സ്വാതന്ത്ര്യം ലഭിക്കുക..?

നിനക്കുള്ള കത്തുകൾ4

പ്രിയപ്പെട്ടവളേ,

എന്റെ ഇവിടുത്തെ തൊട്ടടുത്ത മുറിയിലെ താമസക്കാരന്റെ പേര് വാസുദേവൻ എന്നായത് ഒരേ സമയം രസകരവും വളരെ വേദനാജനകവുമായി എനിക്കുതോന്നുന്നു.
വാസുവേട്ടന്റെ മകൻ കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈയിലേക്ക് പോയി.
(എന്താണ് തുടക്കത്തിൽ തന്നെ ഞാൻ ഇങ്ങനെ ഒന്ന് എഴുതി ചേർത്തിരിക്കുന്നതെന്ന് നീ അല്പസമയം വെറുതെ സംശയിച്ചിരുന്നോളൂ..)

ജോലി കഴിഞ്ഞ് എന്റെ ചെറിയ മുറിയിലെത്തിയാൽ ആദ്യമൊക്കെ എന്നും വിരസതയായിരുന്നു. പുറത്തെ വാൽക്കണിയിൽ നിന്നാൽ രണ്ടാംനില ആയതുകൊണ്ട് ദൂരെ 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഫാക്ടറി കാണാം.
ഒന്ന് ഉറങ്ങിയെന്നാവുമ്പോൾ ദൂരെ നിന്നും വിളിച്ചുണർത്തുന്ന നേർത്ത ശബ്ദം എന്താണെന്ന് ആദ്യമൊക്കെ ഒന്നും മനസ്സിലാവാതെ വീണ്ടും പുതച്ചുമൂടി കിടന്നുറങ്ങാറായിരുന്നു പതിവ്. അത് അകലെ ആ ഫാക്ടറിയിൽ നിന്നുയരുന്ന ശബ്ദമാണെന്ന് തൊട്ടടുത്ത മുറിയിലെ താമസക്കാരൻ വാസുവേട്ടനാണ് ഞാൻ അവിടെ താമസം തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം അറിയിച്ചത്. അദ്ദേഹം അവിടത്തെ തൊഴിലാളിയാണ്. 
നിനക്കറിയാമോ, ഞാൻ ഇവിടെ താമസം തുടങ്ങി ഒരാഴ്ചയോളം കഴിഞ്ഞാണ് തൊട്ടടുത്ത് ഒരു ചുമരിനു അപ്പുറം താമസിക്കുന്ന ആ മനുഷ്യനെ
കാണുന്നത്. പെണ്ണേ, നമ്മളിൽ പലരും അങ്ങനെതന്നെയല്ലേ.. ഒരു ചുമരിനപ്പുറം ഉണ്ടയിരുന്നിട്ടും കാലങ്ങൾ തമ്മിൽ  അറിയാതെ പോകുന്നു.
നീ ഇപ്പോഴും കരുതുന്നുണ്ടാവും ഞാൻ എന്തിനാണ് ആദ്ധേഹത്തെക്കുറിച്ച് നിന്നോട് ഇങ്ങനെ ഏറെ പറയുന്നതെന്ന്.
പ്രിയേ,വാസുവേട്ടന്റെ മകൻ ചെന്നൈയിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെക്കുറിച്ച് ഒരു നിമിഷം നീയൊന്ന് ഓർത്തുനോക്കൂ.. അവധി ദിനമില്ലാത്ത ജോലി, വൈകി തളർന്ന് ഉറക്കം തൂങ്ങിയായിരിക്കാം മിക്കപ്പോഴും മുറിയിലേക്ക് വരുന്നത്. ഞാനൊന്നും അറിയാറില്ല. അപ്പോഴേക്കും ഞാനെന്റെ പാഴ്സ്വപ്നങ്ങളിലേക്കുള്ള യാത്രയിലായിരിക്കും. അദ്ദേഹമപ്പോഴും മകനുവേണ്ടിയുള്ള സ്വപ്നം തന്റെ ജീവിതം കൊണ്ടുതന്നെ നെയ്ത്കൂട്ടുകയാണ്. പെണ്ണേ, നീ അറിഞ്ഞുകാണും ചെന്നൈയിൽ വെള്ളപ്പൊക്കമാണ്.
അത്ഭുതം എന്ന് പറയട്ടെ, ഈ കത്ത് മുകളിലത്തെ വരിയോടെ തീരേണ്ട ഒന്നായിരുന്നു.! കവറിൽ ഇട്ട് സ്റ്റാമ്പ് ചെയ്ത ഈ കത്ത് ഞാൻ ഈ അർദ്ധരാത്രി വീണ്ടും വാസുവേട്ടന്റെ മുറിക്കകത്തിരുന്നു തുടർന്നെഴുതുകയാണ്‌.
ഇപ്പോൾ സമയം 2 മണികഴിഞ്ഞു. ഇവിടെയും നാല് മണിക്കൂറോളമായി നല്ല മഴയാണ്. ഇപ്പോഴും കലിയടങ്ങിയിട്ടില്ല. നിന്നെ പോലെ തന്നെയാണ് പെട്ടെന്നൊന്നും ഇവളും അടങ്ങുന്നമട്ടില്ല. എന്റെ മുറിയുടെ ചുവരുകളിലൂടെ മഴവെള്ളം ആർത്തിയോടെ 
അകത്തേക്ക് ഒലിച്ചിറങ്ങുകയായിരിക്കും ഇപ്പോൾ. എന്റെ സ്വന്തം മുറിയെന്നപൊലെ വാസുവേട്ടൻ അദ്ദേഹത്തിന്റെ മുറി എന്നെ
ഏൽപ്പിച്ച് രാത്രി ജോലിക്ക് ഫാക്ടറിയിലേക്ക് പോയിരിക്കുന്നു. ഇവിടെ ഒരു ചെറിയ മേശയ്ക്കുമുകളിൽ മകന്റെ മനോഹരമായി ഫ്രേം ചെയ്തുവച്ച ഫോട്ടോ അല്ലാതെ മറ്റൊന്നുമില്ല. പ്രിയപ്പെട്ടവളേ, ഓർക്കാൻ ജീവിക്കാൻ, പ്രതീക്ഷ ശക്തി ഇവയൊക്കെ മനുഷ്യന് നൽകാൻ അനേകായിരം സന്തോഷങ്ങൾ ഒന്നും വേണ്ട. ഇത്പോലെ ജീവന്റെ ജീവനായി ഒന്ന് മാത്രം മതി.
വാസുദേവൻ എന്ന പേര് എനിക്ക് രസകരവും വേദനാജനകവുമായതിലെ കൗതുകം എന്താണെന്ന് നിനക്കിപ്പഴും മനസ്സിലായിക്കാണില്ല അല്ലേ.. വേദനിക്കാനും രസിക്കാനും അങ്ങനെ അനേകായിരം കാരണങ്ങളൊന്നും നമുക്ക് വേണ്ടല്ലോ..!!

നിനക്കുള്ള കത്തുകൾ3

പ്രിയപ്പെട്ടവളേ..

പുതിയ ജോലിയില്‍ പ്രവേശിച്ചിട്ട് നീണ്ട ഒന്നര മാസം തികയേണ്ടി വന്നോ ഒരു കത്ത് എഴുതാന്‍ എന്നായിരിക്കുമല്ലേ നിന്‍റെ പരിഭവം, എങ്കില്‍ ഞാന്‍ ആശ്വസിക്കുകയാണ് ഇത്രയും പെട്ടെന്ന് നിനക്ക് ഒരു കത്തെഴുതാന്‍
കഴിഞ്ഞല്ലോ എന്നതില്‍.
സുഖം തന്നെ ആയിരിക്കും എന്നറിയാം എങ്കിലും നിന്‍റെ മുഖത്തെ ആ വിഷാദ ഭാവം ദിനംപ്രതി കൂടി കൂടി വരുന്നത് ഞാന്‍ ഇവിടിരുന്നു അറിയുന്നുണ്ട് സഖീ..

പ്രതീക്ഷിച്ചത് പോലെ ജോലി ഭാരം ഇപ്പോഴേതായാലും ഇല്ല എന്നുതന്നെ കൂട്ടിക്കോളൂ. പകല്‍ വൈകി ഉണരുന്നതില്‍ അമ്മയുടേയും പെങ്ങളുടേയും ശകാരം ഏറെ കേട്ടിട്ടും അനുസരിക്കാത്ത ഞാന്‍ ഇവിടെ എത്തി ആദ്യദിനം തന്നെ ഒട്ടും മടികൂടാതെ പുലര്‍ച്ചെ 5 മണിക്ക് എഴുനേറ്റു തുടങ്ങിയിരിക്കുന്നു. ഒരു മനുഷ്യന്‍റെ ജീവിത രീതിയെ നിയന്ത്രിക്കുന്നത് എത്രയോ ചെറുതും വലുതുമായ മൌന ആജ്ഞാപനങ്ങള്‍ ആണ്. അവിടെ ബന്ധങ്ങള്‍ക്കും ശകാരങ്ങള്‍ക്കും അല്ല ബന്ധനങ്ങള്‍ക്കും സ്വാര്‍ഥതയ്ക്കും തന്നെയാണ് കൂടുതല്‍ മൂല്യം എന്ന തിരിച്ചറിവ് ഇവിടെയുള്ള പലരെയും പോലെ എനിക്കും അനുഭവപെട്ടു തുടങ്ങിയിരിക്കുന്നു.

പ്രിയേ, ചിലപ്പോഴൊക്കെ ഒട്ടും പ്രാധാന്യമില്ലാത്ത ഏതെങ്കിലും ഒരു പത്രവാര്‍ത്തയെ ചൊല്ലി നമ്മള്‍ തര്‍ക്കിച്ചിരുന്നത് നിനക്ക് ഓര്‍മ്മയില്ലേ.. എപ്പോഴും നീ മാത്രം ജയിക്കുന്ന ഒരു തമാശക്കളി.
ഇവിടെ എത്തിയതിനു ശേഷം കാര്യമായി പണ്ടത്തെപ്പോലെ വാര്‍ത്തകള്‍ ഒന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. ഓഫീസില്‍ ഇംഗ്ലീഷ് പത്രമാണ്‌ വരുത്തിക്കുന്നത്. കൌതുകം ഉള്ള ഒരു നാട്ടുവാര്‍ത്തപോലും അതില്‍ ഉണ്ടാവുകയുമില്ല. ഇടയ്ക്കൊക്കെ എടുത്തു ഓടിച്ചു വായിച്ചുനോക്കാറുണ്ടെങ്കിലും പാതിയും ഗ്രാമര്‍ മിസ്റ്റേക്ക് ആണെന്ന്,
സഹപ്രവര്‍ത്തക കോട്ടയംകാരി നസ്രാണി കൊച്ചിനോട് പറഞ്ഞു ചിരിക്കാറാണ് അപ്പോഴൊക്കെ പതിവ്.
കഴിഞ്ഞ ആഴ്ച്ചയാണ് അപ്രതീക്ഷിതമായി ഒരു പ്രമുഖ മലയാള പത്രം കയ്യില്‍ കിട്ടിയത്.
പെണ്ണേ.. നീയും വായിച്ചിട്ടുണ്ടാകും, അതില്‍ അത്രയ്ക്ക് പ്രാധാന്യം ഒന്നും ഇല്ലാത്ത ഒരു ഒളിച്ചോടല്‍ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടോ..?
അവിടെ നമുക്കു മുന്‍പില്‍ കാമുകനാണ് വില്ലന്‍. ഒരു പെണ്ണിനെ കല്യാണ തലേന്ന് ആരുമറിയാതെ തട്ടികൊണ്ടുപോയി വിവാഹം ചെയ്യുന്ന വില്ലന്‍. നാട്ടിലുണ്ടായിരുന്നപ്പോള്‍ കൂട്ടുകാരോടോത്ത് അവസാനമായ് കണ്ടൊരു പടത്തിലും ഉണ്ടായിരുന്നു അങ്ങനെയൊരു വില്ലന്‍. പക്ഷെ നമുക്കയാള്‍ നായികയെ രക്ഷിക്കുന്ന നായകന്‍ ആയിരുന്നു. ജീവിതവും സിനിമയും തമ്മിലുള്ള ദൂരം എത്രത്തോളം വികൃതമാണെന്ന് നീയും ഇടയ്ക്കൊക്കെ വെറുതെയെങ്കിലും ആലോചിച്ചുനോക്കുന്നത് നല്ലതാണ്.

അവധിദിനം ആയതിനാല്‍ ആ നസ്രാണി കൊച്ചിനോടോത്ത് ഇന്ന് വൈകിട്ട്
ഒരു സിനിമ കാണാന്‍ പോകുന്നുണ്ട് ഞാന്‍. ഇവിടുത്തെ ആദ്യസിനിമയും അതുതന്നെ.
ഈ കത്തിന്‍റെ കൂടെ എന്‍റെ ഇവിടുത്തെ അഡ്രസ്സ് കൂടിയുണ്ട്. നിന്‍റെ പരിഭവങ്ങള്‍ മുഴുവനായി മലയാള ബിരുദക്കാരിപ്പെണ്ണേ.. ഉടന്‍ എനിക്കെഴുതൂ..

നിനക്കുള്ള കത്തുകൾ2

പ്രിയപ്പെട്ടവളേ..

നിന്‍റെ കത്ത് എന്‍റെ കയ്യില്‍ കിട്ടിയത് ഏറെ വൈകിയാണ്. അന്നൊരു ചെറിയ വിശേഷം കൂടി ഉണ്ടായി എനിക്ക് എറണാകുളത്തുള്ള ഒരു തരക്കേടില്ലാത്ത കമ്പനിയില്‍
ജൂനിയര്‍ അസിസ്റ്റന്റ് ആയി ഒരു ജോലി ലഭിച്ച അറിയിപ്പ് കൂടി വന്നിരിക്കുന്നു.
വളരെ പെട്ടെന്ന് തന്നെ ജോയിന്‍ ചെയ്യേണം. ഈ വരുന്ന തിങ്കളാഴ്ച്ചതന്നെ.
നിന്‍റെ പഠനമൊക്കെ നന്നായി പോകുന്നു എന്ന് വിചാരിക്കുന്നു. മറുപടി വൈകിയതില്‍ ആദ്യംതന്നെ ക്ഷമ ചോദിച്ചോട്ടെ.

നിന്‍റെ വിശേഷങ്ങള്‍ മുഴുവനായും വായിക്കാന്‍ സമയം കിട്ടിയില്ല. പുതിയ ജോലിയെ പറ്റിയുള്ള ആകാംക്ഷ ഒന്നിലും മനസ്സിരുത്തുന്നില്ല എന്നത് തന്നെ കാരണം.
എന്നാലും ഞാന്‍ എന്നത്തേതും പോലെ എന്‍റെ അമൂല്യ ശേഖരണത്തിനൊപ്പം
അതും എടുത്തു വച്ചിട്ടുണ്ട്. അത് കൂടെ കൊണ്ടുപോകാം. ഇനി കാണുന്നത് ലീവിനു
വരുമ്പോള്‍ മാത്രമായിരിക്കില്ലേ.. അത് എപ്പോള്‍ എങ്ങനെ എന്നൊന്നും  കൃത്യമായി
പറയാന്‍ ആയിട്ടില്ല. ഇതുപോലെ എപ്പോഴും കത്തെഴുതാന്‍ നേരം കിട്ടിയെന്നുപോലും വരില്ല.
എന്‍റെ പെണ്ണേ, ഇപ്പൊ ആ മുഖമൊന്നു വാടിയല്ലേ.. സാരമില്ല, നിന്‍റെ നല്ലൊരു ജീവിതത്തിനു വേണ്ടിയുള്ള നീക്കുപൊക്ക് എന്നുമാത്രം കണ്ടാല്‍ മതി ഈ കാത്തിരിപ്പിനെ.
അതെ 'നിന്‍റെ' തന്നെ 'നമ്മള്‍' എന്ന് പറയുമ്പോള്‍ അകലം കുറയും. ഇത്തിരി ദൂരത്തേക്ക് അല്ലേ പോകുന്നത്, ആ അകലം നമ്മുടെ ഈ പ്രണയത്തിലും
കാലം എഴുതി ചേര്‍ക്കില്ലെന്നു പറയാന്‍ പറ്റുമോ..?
ഇനിയൊരു ഒരു മറുപടി കത്ത് കിട്ടുമ്പോഴേക്കും ഞാന്‍ തിരക്കുകളുടെ വള്ളങ്ങളിലും അവിടെ നിന്നും ഉത്തരവാദിത്തങ്ങളുടെ മരകപ്പലിലേക്കും ചേക്കേറിയിട്ടുണ്ടാകാം.
ഏതൊരോര്‍മ്മയേയും എരിക്കാന്‍ ശക്തിയുള്ള ഉന്മാദ നഗരി, ആധുനികതയുടെ നാട്, ബന്ധങ്ങളെ ചില വ്യവസ്ഥയുടെ കാരാഗ്രഹത്തില്‍  
അടച്ച വ്യാവസായിക നഗരി.
സഖീ.. പുറം ജീവിതവുമായുള്ള പൊരുത്തപെടലുകള്‍ ജീവിതത്തിന്‍റെ സൌമ്യത നിറഞ്ഞ ഉള്ളറകളില്‍ പൊരുത്തക്കേടുകള്‍ സൃഷ്ടിച്ചേക്കുമോ
എന്നൊരു അകാല പേടി ഇപ്പോള്‍ തന്നെ എന്നെ കാര്‍ന്നു തിന്നാന്‍ തുടങ്ങുന്നുവോ..?നമുക്ക് വേണ്ടി എഴുതിയതൊക്കെ നാളെ എനിക്ക് നിനക്ക് എന്ന് വേര്‍തിരിച്ചു
കാണേണ്ടി വരുമോ..??
ഇനിയൊരിക്കല്‍ നിന്‍റെ പഴയ കത്തുകള്‍ വായിക്കുമ്പോള്‍ ഒരു നല്ല സുഹൃത്തിനെ
എന്‍റെ മുന്‍പില്‍ നിര്‍ത്തും. അപ്പോള്‍ എന്‍റെ മുഖത്ത് വിരിയുന്നതു പുഞ്ചിരിയാണോ, വിഷാദമാണോ, നഷ്ടമാണോ, അസൂയയാണോ, അതോ പ്രണയത്തിന്‍റെ പേരില്ലാത്ത മറ്റെന്തെങ്കിലും
വികാരമാണോ എന്നറിയാന്‍.
പ്രിയേ.. ഇവയൊന്നും ആയിരിക്കില്ലെന്ന് എന്‍റെ മനസ്സ് ഇതാ ഇവടെ നിന്നോട്
ഉറക്കെ പറയുന്നു. ഞാന്‍ ഭയപ്പെടുന്ന പോലെ നിന്‍റെ എഴുത്തുകള്‍ ഒരുപക്ഷെ
അന്ന് എനിക്ക് സമ്മാനിക്കുന്നത് ഒരു കോമാളിച്ചിരി മാത്രമായിരിക്കും .
അകത്തിരുന്നു കൈകൊട്ടി ചിരിക്കുന്ന ഒരു പാവ നിന്‍റെ മനസ്സിലും അപ്പോഴേക്കും ഉണര്‍ന്നിട്ടുണ്ടാകുമോ..??

നിനക്കുള്ള കത്തുകൾ1

പ്രിയപ്പെട്ടവളേ,

വളരെ ചെറിയൊരു കാര്യം നിന്നോട് പറയാൻ വേണ്ടി മാത്രമാണ് ഞാനിന്ന് ഇത്ര  
തിടുക്കപ്പെട്ട് ഈ കത്തെഴുതുന്നത്. നീ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും പറയത്തക്ക ഒരു പണിയും ഇല്ലാത്ത എനിക്ക് എന്താണ് ഇത്ര തിരക്കെന്ന്. എന്റെ പെണ്ണേ, ചേട്ടന്റെ നിർബന്ധം മൂലം എറണാകുളത്തുള്ള ചിലകമ്പനികളിലേക്ക് പുതിയൊരു ജോലിക്ക് അപേക്ഷിക്കാനിരിക്കുകയാണ്.
എന്തെങ്കിലും ഒന്ന് തരപ്പെടും എന്നാണ് എനിക്ക് തോന്നുന്നത്. അത് എപ്പോഴാണെന്നൊ എങ്ങനെ ആണെന്നൊ എന്താണെന്നൊ എന്ന് എനിക്കിപ്പോൾ പറയാൻ കഴിയില്ല. എന്തിരുന്നാലും ഏതെങ്കിലും കമ്പനിയിൽ നിന്ന് അറിയിപ്പ് വന്നാൽ ഉടൻ ഞാൻ പോകാൻ തന്നെ നിശ്ചയിച്ചിരിക്കുകയാണ്. സഖീ, എനിക്കറിയാം നിനക്ക് എന്റെ അഭാവം ഉണ്ടാക്കാൻ പോകുന്ന വിരസത. പെണ്ണേ, അത് വിരസത തന്നെ ആയിരിക്കില്ലേ.. എന്താണെന്ന് അറിയില്ല അങ്ങനെ ആയിരിക്കേണമേ എന്നാണ് ഇപ്പോഴെന്റെ പ്രാർത്ഥന.

ഈ കത്ത് ഞാൻ എഴുതികൊണ്ടിരിക്കെ വീട്ടുകാരെക്കാൾ അധികാരത്തോടേ പാതി തുറന്ന വാതിലിലൂടെ നമ്മുടെ ലൂസിപൂച്ച അകത്തേക്ക് പതിയെ കയറി വരുന്നുണ്ട്. അവളാദ്യമായി എന്റെ വീട്ടിലെക്ക് വന്ന രാത്രി ഞാൻ ഓർക്കുന്നു. നല്ല മഴയുണ്ടായിരുന്ന ഒരു ദിവസം നീ കുടയെടുക്കാതെ കോളേജിൽ മഴ നനഞ്ഞ് പോയതിനു കടവിൽ വച്ച് തമാശയെന്നോണം ഞാൻ ശകാരിച്ചപ്പോൾ നീ പിണങ്ങിപ്പോയില്ലേ.. അന്നേ ദിവസം മഴ തോർന്നിട്ടില്ലാത്ത രാത്രി, മുറ്റത്ത് നിന്ന് ഒരു ചെറിയ കരച്ചിൽ കേട്ട അമ്മ വാതിൽ തുറന്നു നോക്കിയപ്പോൾ വരാന്തയിൽ കയറാൻ മടിച്ച്  ഒരു അപരിചിതയെപ്പോലെ മഴനനഞ്ഞ് മുറ്റത്ത് തന്നെ നിൽക്കുന്നു ഒരു പാവം പൂച്ചക്കുഞ്ഞ്, നമ്മുടെ ലൂസി.!

പ്രിയേ, നീയും എന്റെ  ജീവിതത്തിലേക്ക് കടന്നുവരാൻ നമ്മുടെ ലൂസിയെപ്പോലെ
മടിച്ചുനിൽക്കുകയാണെന്ന് ഞാൻ വെറുതെയെങ്കിലും വിശ്വസിക്കട്ടെ.! നീ വാതിലിൽ എത്ര ഉറക്കെ മുട്ടിയിട്ടും ഞാൻ
കേൾക്കുന്നില്ല എന്ന് നടിച്ച് അത്
തുറക്കാത്തിടത്തോളം കാലം, നിനക്ക് എന്റെ ജീവിതത്തിലേക്കുള്ള പ്രവേശനം ഈ ഞാൻ തന്നെയാണ് വിലക്കുന്നത് എന്ന സത്യം മനപൂർവ്വമെങ്കിലും ആ ഒരു വിശ്വാസം കൊണ്ട് മറച്ച് പിടിക്കുകയാണ് ഞാൻ. എല്ലായിടത്തും ഒരു വേലികെട്ട് ഓരോ മനുഷ്യനും തീർക്കേണ്ടതുണ്ടെന്ന് തോന്നുന്നു. അങ്ങനെ ആകുമ്പോൾ മാത്രമല്ലേ പെണ്ണേ, അനുവാദം കൂടാതെ മറ്റൊരാളും നമ്മുടെ ജീവിതത്തിലേക്ക്‌ പ്രവേശിക്കാതിരിക്കുള്ളൂ..