Wednesday 10 August 2016

സ്വാദ്

വസ്ത്രങ്ങളിലെ കറകൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന വ്യത്യസ്തതരം സോപ്പ് നിർമ്മാണകമ്പനിയിലെ പാക്കിങ് ഡിപ്പാർട്ട്മെന്റിൽ തിരക്കേറിയ ജോലിയിൽ ആനെറ്റ് പ്രവേശിച്ചിട്ട് മൂന്നുമാസം തികയുന്നതേ ഉണ്ടായിരുന്നുള്ളൂ..

രാവിലെ ജോലി തുടങ്ങിയാൽ തൊഴിലാളികൾ തമ്മിലുള്ള അനാവശ്യ സംസാരം പോലും മാനേജ്‌മെന്റ് വിലക്കിയിരിക്കുകയാണ് കമ്പക്കനിക്കകത്ത്. ഓരോ തൊഴിലാളിയുടെയും നീക്കങ്ങളും നോട്ടങ്ങളും സാകൂതം വീക്ഷിച്ച് മുക്കിലും മൂലയിലും സദാസമയം കണ്ണുകൾ തുറന്ന് ഒളിച്ചിരിക്കുന്ന ക്യാമറകളുണ്ട്. കൂടെ ജോലി ചെയ്യുന്ന ഇരുപതിലേറെ സ്ത്രീകളും തമ്മിൽ പേരുകൾ പോലും അറിയാത്തവരാണ്. പലവിഷമതകളിൽ നിന്നും മോചനത്തിനായി സ്വയം അടിമകളാക്കപെട്ടവരാണ് അവരെന്ന് ആനെറ്റിനു തോന്നി.

ആനെറ്റ് കൂട്ടത്തിൽ നിന്നും ഒഴിഞ്ഞുമാറി ഒറ്റയ്ക്കൊരിടത്തിരുന്നു ജോലിയിൽ മുഴുകി. അവളുടെ മേൽചുണ്ടിലെ ഉണങ്ങാത്ത മുറിവിലേക്ക് പലരും സംശയത്തോടെ നോക്കിയിരുന്നെങ്കിലും, അതിനെപ്പറ്റി ആരും ഒന്നും ചോദിക്കാതിരുന്നത് ഈ നിബന്ധനയുടെ കെട്ടുമൂലമായിരുന്നത് അവൾക്ക് ആശ്വാസമായി.

പതിവുപോലെ പകൽ സമയം എല്ലാവരും അവരവരുടെ ജോലിയിൽ മുഴുകിയിരിക്കെ, അധികാരത്തോടെ അന്യർക്ക് പ്രവേശനമില്ലാത്ത പാക്കിങ് ഡിപ്പാർട്ട്മെന്റിലേക്കുള്ള വാതിലും തള്ളി തുറന്ന് കോട്ടും സ്യൂട്ടും ധരിച്ച ഒരു കഷണ്ടിക്കാരൻ കയറിവന്നു.

  "ഹലോ എവരിവൺ, ലിസൺ ഹിയർ." 
അയാൾ എല്ലാവരോടുമായി വായുവിൽ കൈ വീശി ശ്രെദ്ധ ക്ഷണിച്ചു.
എന്നും ഒരേപോലെ കൃത്യനിഷ്‌ഠയോടെ തുടർന്നുപോന്ന ജോലിക്കിടെ ആദ്യമായി, ഒരു അപരിചിതനെ അകത്ത് കണ്ടപ്പോൾ
ഓരോരുത്തരും ഞെട്ടലോടെ മുഖാമുഖം നോക്കിനിന്നു.

  "ഞാൻ നിങ്ങളുടെ പുതിയ സ്റ്റാഫ്‌ മാനേജർ സ്റ്റീഫൻ.!"
അയാൾ  അഭിമാനത്തിന്റെ തലയുയർത്തി സ്വയം പരിചയപ്പെടുത്തി.
അയാളുടെ കാഴ്ചയിൽ കുരുങ്ങാതിരിക്കാൻ ആനെറ്റ് തൂണോട് ചേർന്ന് പതുങ്ങിനിന്നു. പക്ഷെ, സ്റ്റീഫന്റെ ചൂണ്ടക്കണ്ണുകൾ ഓരോരുത്തരെയും വിഴുങ്ങി അവസാനം അവളിൽ തന്നെ കുരുങ്ങി നിന്നു.

  "ഇവിടെക്ക് വരൂ.."
സ്റ്റീഫൻ ആജ്ഞാപിച്ചു.

ഭയത്തോടെ, വിയർപ്പുതുള്ളികൾ പൊടിഞ്ഞ നെറ്റിത്തടം സാരിത്തുമ്പ് കൊണ്ട് വേഗത്തിൽ തുടച്ച് ആനെറ്റ് അയാളുടെ അടുത്തേക്ക് ചെന്നു.

  "ആനെറ്റ്..?"
സ്റ്റീഫൻ നെറ്റിചുളിച്ചു.

  "അതെ.."
ആ വലിയ മുറിക്കകത്ത് ആദ്യമായി അവളുടെ ശബ്ദം കലർന്നു.

  "ഹും പൊയ്ക്കോളൂ.."
സ്റ്റീഫൻ തന്റെ കഷണ്ടികയറിയ തല തടവികൊണ്ട് വാതിൽ ശക്തിയായി വലിച്ചു തുറന്ന് പുറത്തേക്ക് പോയി. കാറ്റഴിച്ച് വിട്ട ബലൂണിനെ പോലെ ആ മുറി അവളിലേക്ക് മാത്രമായി ചുരുങ്ങി.

കുറച്ച് കഴിഞ്ഞപ്പോൾ, ഒരു സ്ത്രീ ആനെറ്റിനെ ഓഫീസ് മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി.

  "വെൽകം ആനെറ്റ്"
സ്റ്റീഫൻ അവളെ വിനയപൂർവ്വം വിസിറ്റേഴ്സ് റൂമിലേക്ക് ക്ഷണിച്ചു. ഭയം ചൂഴ്ന്നിറങ്ങി അവളുടെ ചുണ്ടുകൾ വിറങ്ങലിച്ചു. പക്ഷേ, ഒരു അടിമയെപ്പോലെ അയാളുടെ വാക്കുകൾ ആനെറ്റ് അനുസരിച്ചുകൊണ്ടിരുന്നു.

  "ഇരിക്കൂ..."
മനോഹരമായ സോഫ ചൂണ്ടി സ്റ്റീഫൻ ആനെ‌റ്റിനോട് പറഞ്ഞു.
അവൾ പതിയെ ഇരുന്നു. അടുത്തുള്ള ടേബിളിൽ നിന്നും ചെറിയ ഫൈബർ പാത്രം കയ്യിലെടുത്തുതുറന്ന് അയാൾ എന്തോ പലഹാരം വായിലിട്ട് ചവച്ചു. അതിന്റെ രുചി ആസ്വദിച്ചെന്നോണം അയാളുടെ സ്വർണ്ണ നിറത്തിലുള്ള അണപ്പല്ല് അവളെ നോക്കി പുഞ്ചരിക്കുന്നതായി ആനെറ്റിന് തോന്നി. ചുണ്ടുകളിൽ നിന്നും പലഹാരത്തിന്റെ എരിവും ചൂടും അവൾ എളുപ്പം വായിച്ചെടുത്തു.

  "ആൻ ഇത് ഒരു പ്രത്യേകതരം പഞ്ചാബി ഡിഷ് ആണ്.."
അയാൾ ഒരു കാമുകനെപ്പോലെ അവൾക്ക് മുൻപിൽ തന്റെ മാനേജർ വേഷം അഴിച്ചുകളയാൻ ശ്രമിച്ചുകൊണ്ടിരുന്നു.

  "ഇത് ആനിനു വേണ്ടി വൈഫിനെ കൊണ്ട്  പ്രത്യേകം കുക്ക് ചെയ്യിപ്പിച്ചതാണ്‌. ദാ കഴിച്ച് നോക്കൂ.."
സ്റ്റീഫൻ കയ്യിലുള്ള ചെറിയ പോളിത്തീൻ കവർ അവൾക്കുനേരെ നീട്ടി.

എന്തുചെയ്യേണമെന്നറിയാതെ മടിച്ചുനിന്ന ആനെറ്റിന്റെ വലതുകയ്യിൽ സ്റ്റീഫൻ അധികാരാത്തോടെ കയറിപ്പിടിച്ചു, കവർ അവളുടെ കയ്യിൽ വച്ചുകൊടുത്തുകൊണ്ട് പറഞ്ഞു:
  "ഇത് നിനക്കുള്ളതാണ്."

  "സാറേ..."
എസിയുടെ മരവിപ്പിൽ അവളുടെ ശബ്ദം മുഴുവനായും പുറത്ത് കടക്കാനാവാതെ തൊണ്ടയിൽ വച്ച് മരിച്ചുപോയി.

  "ആൻ പറയൂ.."
സ്റ്റീഫന് ആകാംക്ഷയായി.

  "എനിക്കിത് വേണ്ട സാറേ.."
  
  "എന്ത് പറ്റി ആൻ..?"

  "വേണ്ടാത്തോണ്ടാ സാറേ.."
ഓരോ വാക്കുച്ചരിക്കുംതോറും അവളുടെ അടഞ്ഞ ശബ്ദം തുറന്നു വന്നു.
കണ്ണുകളിലെ ഭയം മറഞ്ഞു പക്വതയും ധൈര്യവും നിറഞ്ഞുകൊണ്ടിരുന്നു.

  "എന്റെ വൈഫിനെ ആൻ അറിയില്ലേ.. ഡെയിസി സ്റ്റീഫൻ, ഇവിടത്തെ മാർകെറ്റിഗ് മാനേജർ. പറയുന്ന ജോലി കൃത്യസമയം നന്നായിത്തന്നെ തീർക്കുന്ന ആനെറ്റിനെ കുറിച്ച് അവൾ വീട്ടിൽ പലവട്ടം സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് എന്റെ ഈ ജോയിനിങ് ഡേറ്റ് തന്നെ ഇങ്ങനെയൊരു സർപ്രൈസ് വിത്ത് ഗിഫ്റ്റ് ആനെറ്റിനു കൊടുക്കണം എന്ന് ഞാൻ ഡെയ്സ്യോട് ആവശ്യപ്പെട്ടത്."
അയാൾ പുഞ്ചിരിച്ചു.

  "ഡെയിസി മാഡം..?"
ആനെറ്റ് സംശയിച്ചു.

  "അതെ, അവൾ എന്നോട് ഒരു കാര്യം  
തിരക്കാൻ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്."

  "എന്ത് കാര്യം..?"

"ഈ ഉണങ്ങാത്ത മുറിവ്.!"
അവളുടെ മുഖത്തേക്ക് വിരൽ ചൂണ്ടി കൊണ്ട് അയാൾ പറഞ്ഞു.

  "ഹും, ഇത് പുറമെ ഉള്ള ചെറിയ മുറിവല്ലേ സാറേ.. അകത്തെ വലിയ മുറിവിനെ ഓർമ്മപ്പെടുത്താൻ കെട്ട്യോൻ തന്ന സമ്മാനം."
ചുണ്ടുകോട്ടി തന്നോടുതന്നെയുള്ള പുച്ഛം അയാൾക്ക് മുൻപിൽ അഴിച്ചിട്ടു ആനെറ്റ് തുടർന്നു:
  "സ്റ്റീഫൻസാറേ അതൊരു വലിയൊരു കഥയാ, പെണ്ണിന്റെ കഥയ്ക്ക് വിലയില്ലാത്തോണ്ട് അതൊരു ചീഞ്ഞ കഥയായി അവിടെ തന്നെ തീർന്നു."

  "എന്ത് പറ്റി.?"
ടേബിളിലേക്ക് ചാരിനിന്നും കൊണ്ട് സ്റ്റീഫൻ ചോദിച്ചു.

  "കല്യാണം കഴിഞ്ഞ ആദ്യരാത്രി മുതൽ അയാളുടെ കൂടെ ജീവിക്കുന്ന ഓരോ നിമിഷവും എനിക്ക് ശവക്കുഴിയിൽ ശ്വാസംമുട്ടി കിടക്കുന്ന മരിച്ചുപോയവരെ ഓർമ്മവരും സാറേ.. അവരും അവിടെ കിടന്ന് എന്നപ്പോലെ തൊണ്ടപൊട്ടുമാറ് ഒച്ച വയ്ക്കുന്നുണ്ടാവില്ലേ എന്നായിരുന്നു എന്റെ വേദന..  ആ വേദനയുടെ ആക്കം കൂട്ടി
അയാൾ ഒരു കഴുകനെപ്പോലെ എന്നും എന്റെ ഈ ശരീരം കൊത്തിവലിച്ച് കൊണ്ടിരുന്നു.. ഒരു മാസമേ ആ ബന്ധം തുടർന്നുള്ളൂ സാറേ, എങ്കിലും ചിലരാത്രികളിൽ ഞാനിപ്പോഴും ഉറങ്ങാതെ ഇരിക്കും. പേടിയാണ് സാറേ.. ആയാളെപ്പോ വേണേലും അങ്ങോട്ട് കേറിവരും.. എന്റെ ബാക്കിയുള്ള പാതിശരീരവും കൊത്തിത്തിന്നാൻ. പിന്നെ
ഇവിടത്തെ ജോലി ഒരു ശ്രമമാണ് സാറേ.. വയറ്റിൽ ഒരു കൊച്ചുണ്ട്. അതിനെ കൊല്ലാൻ പറ്റാത്തോണ്ടാ, അല്ലേ പണ്ടേ ഞാൻ ചത്തുപോയെനെ.."
ഒരു പേമാരിയുടെ തുടക്കമെന്നപോലെ അല്പനിമിഷം അവൾ നിശബ്ദയായി.

"അയാൾക്ക് വഴങ്ങാതിരുന്നാ അയാൾ വയറ്റിൽ ആഞ്ഞുചവിട്ടും, എന്റെ ഉടുതുണി വലിച്ച്കിറിക്കളഞ്, ശരീരത്തിലും ജനനേന്ദ്രിയത്തിലുമൊക്കെ മദ്യമൊഴിക്കും..
അന്ന് എനിക്കമുട്ടോളം മുടിയുണ്ടായിരുന്നു സാറേ, പിറകിൽ നിന്നും മുടിയിൽ പിടിച്ച് വലിച്ച്, നട്ടെല്ലിൽ ചവിട്ടി കമ്പ്പോലെ ഒടിച്ച് രസിക്കുമായിരുന്നു അയാൾ. അയാൾക്ക് അതൊക്കെയൊരു ഹരമാണ് സാറേ, ഒടുവിൽ സഹിക്കെട്ടപ്പഴാ ഞാനീ മുടിവെട്ടിക്കളഞ്ഞത്.. ഒരുദിവസം രാത്രി അയാളൊരു സുഹൃത്തുമായി കയറിവന്നു. എന്നിട്ടയാളെ എന്റെ മുറിയിലേക്ക് പറഞ്ഞുവിട്ടു. എന്തോ, മറിച്ചോന്നും പറയാതെ ഞാൻ അയാളുടെ സുഹൃത്തിനു മുൻപിൽ ഉടുതുണി അഴിച്ച് കൊടുത്തു. കെട്ട്യോന്റെ കൂടെയുള്ള ജീവിതം തുടങ്ങിയിട്ട് അന്ന് രാത്രിയുള്ള കുറച്ച് നിമിഷം മാത്രമാണ് സാറേ ഞാൻ ആദ്യമായും അവസാനമായും ജീവിതം ആസ്വദിച്ചത്. പക്ഷെ, ഞാനങ്ങനെ സന്തോഷിക്കുന്നത് താലികെട്ടിയ മൃഗത്തിന് സഹിച്ചില്ല. ഭ്രാന്ത് പിടിച്ചവനെപ്പോലെ അയാൾ വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറി, കയ്യിൽ പുകയുന്ന സിഗരറ്റിന്റെ കുറ്റി എന്റെ ഈ ചുണ്ടിൽ പലവട്ടം ആഞ്ഞുകുത്തി. ഞാൻ വേദനകൊണ്ട് നിലവിളിച്ചു. നീയെനി സന്തോഷിക്കരുതെന്നോ, ചിരിക്കരുതെന്നോ അങ്ങനെയെന്തോ അയാളപ്പോ പറയുന്നുണ്ടായിരുന്നു.. "
എന്നോ തറച്ച നിസ്സഹായതയുടെ കൂരമ്പാൽ  ചോരവാർന്ന് ആനെറ്റ് വിതുമ്പി.

രോമം കിളിർക്കാത്ത തന്റെ തലയുടെ ഭാഗം മാത്രമായി അസ്വസ്ഥമായി തടവിക്കൊണ്ട് സ്റ്റീഫൻ അവളോട് പറഞ്ഞു:
  " പൊയ്ക്കോളൂ.."

പോളിത്തീൻ കവർ സാരിത്തുമ്പിൽ ചേർത്ത് പൊതിഞ്ഞുകെട്ടി അവൾ തിരിച്ചുപോയി തന്റെ ജോലി തുടർന്നു.  ഇടയ്ക്കിടെ ആനെറ്റ് സാരിത്തുമ്പിലുള്ള പഞ്ചാബി പലഹാരത്തെ തൊട്ടുനോക്കികൊണ്ടിരുന്നു.
ആരും തന്നെ ശ്രെദ്ധിക്കുന്നില്ല എന്നായപ്പോൾ വളരെ കുറഞ്ഞ നിമിഷം കൊണ്ട് അവളത് കൈക്കലാക്കി. വർഷങ്ങളായി പട്ടിണികിടന്ന് വിശപ്പ് കീഴ്പ്പെടുത്തിയ ഒരുവളെപോലെ ഒട്ടും വിശപ്പില്ലാഞ്ഞിട്ടും അതിനേക്കാൾ  വേഗത്തിൽ ആനെറ്റ് അത് വായിലേക്കിട്ട് കഴിച്ചുകൊണ്ടിരുന്നു. മാസങ്ങൾക്ക് ശേഷം ആദ്യമായി ഒരു ഭക്ഷണത്തിന്റെ രുചി അവൾ ആസ്വദിച്ചു.

'അമേരിക്കൻ കമ്പനിയുടെ നൂതന കണ്ടുപിടുത്തം' എന്ന് വലിയ അക്ഷരത്തിൽ എഴുതിചേർത്തിട്ടുള്ള സോപ്പ് കവറിന്റെ ലേബൽ ആദ്യമായി അവളുടെ കാഴചയെയും ചിന്തയെയും അനാവശ്യമായി അതിനിടയിൽ കുഴക്കിക്കൊണ്ടിരുന്നു. ധാരാളം പണമുള്ള-ആർഭാടജീവിതം നയിക്കുന്ന സായിപ്പന്മാർ വസ്ത്രങ്ങളിലെ കറകളൊക്കെ കളയാൻ പരിശ്രമിക്കുമോ..?
എരിവ് കൂടിയ പഞ്ചാബി പലഹാരം കഴിച്ചപ്പോൾ അവളുടെ ചുണ്ടിൽ നിന്നും ചോരപൊടിഞ്ഞു. ആനെറ്റ് തന്റെ മേൽച്ചുണ്ട് ടവ്വൽ കൊണ്ട് പതിയെ ഒപ്പി.

Tuesday 9 August 2016

പ്രവാസം

നാളെ തന്നെ പോകുന്നുണ്ടോ..?"
ഉറക്കംപിടിച്ച് തുടങ്ങിയ എന്റെ തോളിൽ കൈവച്ചുകൊണ്ട് ഭാര്യ ചോദിച്ചു.

"ഉം!"
പാതിയുറക്കത്തിൽ ഞാൻ മൂളി.

"എപ്പോ..?"

"വൈകിട്ട്."

"എയർപ്പോട്ടുവരെ ഞാനും വരട്ടേ.."

"എന്തിന്.?"

"വെറുതെ കാണാൻ."

"ഉം, വന്നോളൂ.."
തിരിഞ്ഞു കിടന്നു അവളുടെ കണ്ണുകളിലേക്ക് നോക്കി. ഇരുട്ട് വിഴുങ്ങിയ കിടപ്പുമുറി കാഴ്ച്ച മറച്ച് മുന്നിൽ കിടന്നു ശ്വാസം കിട്ടാതെ ഞെരുങ്ങി.

Friday 5 August 2016

അമൽ അന്നമ്മ

അമ്മയുടെ ഇടുങ്ങിയഗർഭപാത്രത്തിൽ നിന്നും ഭൂമിയുടെ വിശാലതയിലേക്ക് എത്തിപ്പെട്ട കുട്ടി ആശുപത്രി കിടക്കയിൽ നിന്നും അലമുറയിട്ട് കരഞ്ഞു.
ബോധം മറയും മുൻപ് അമ്മ അവനെ 'അമൽ അന്നമ്മ' എന്ന് പേര് വിളിച്ചു.
അതേസമയം പിറന്നുവീണ മറ്റ് കുട്ടികൾ മയങ്ങാനാവാതെ അമ്മമാരുടെ മുലഞ്ഞെട്ടിൽ മുളച്ചിട്ടില്ലാത്ത പല്ല് കൊണ്ട് ഭാവിയിലെക്ക് ആഴത്തിൽ കടിച്ചു മുറിവേൽപ്പിച്ചുകൊണ്ടിരുന്നു..

"കുട്ടിയെ നമുക്കൊരു ഡോക്ടറാക്കണം"
അബോധാവസ്ഥയിൽ അവളുടെ ചുണ്ടുകൾ അതുതന്നെ ഉരുവിട്ട്‍ കൊണ്ടിരുന്നു. ഒരു സ്വപനത്തിന്റെ കാവാടത്തിരുന്ന് അവൾ അകത്തേക്ക് നോക്കി.

അമ്മ കുട്ടിയുടെ ഇളം ചൂടുള്ള നെറ്റിയിൽ പതിയെ ചുംബിക്കുന്നു.
"എനിക്ക് ഇപ്പോൾ ജനിക്കേണ്ടിയിരുന്നില്ല അമ്മേ.."
അമൽ അന്നമ്മ സംസാരിച്ചു തുടങ്ങി.
"എന്നെ ഇനിയും പിറന്നിട്ടില്ലാത്ത എന്റെ അനുജന്മാർ, കൂട്ടുകാർ അവർക്കടുത്തേക്ക് തന്നെ പറഞ്ഞു വിടാമോ അമ്മേ.. ഞങ്ങൾ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അവിടെ. എപ്പോഴാണ് ഞാനമ്മയുടെ ഗർഭപാത്രത്തിൽ എത്തിപ്പെട്ടതെന്ന് എനിക്കൊട്ടും ഓർമ്മയില്ല. അമ്മേ, എന്നെ അവർ അവിടെ കളിയിടത്ത് ഇപ്പോഴും ചിലപ്പോൾ കാത്തിരിക്കുന്നുണ്ടാവും. എന്നും കൂട്ടുകാരിൽ ആരെയെങ്കിലും നമുക്ക് നഷ്ടമാകുമായിരുന്നു. അവരെ അന്വേഷിച്ച് നമ്മളെല്ലാവരും കളിയിടത്ത് മുഴുവൻ അലഞ്ഞു തിരിയും. കണ്ടെത്താൻ കഴിയില്ലെന്ന് ഉറപ്പായാൽ ഞങ്ങൾ വീണ്ടും കളി തുടരും. അവിടെ എത്ര അലഞ്ഞാലും കളിച്ചാലും ഞങ്ങളാരും തളരില്ല അമ്മേ.. നമ്മുടെ ലോകത്ത് നിന്നും അപ്രത്യക്ഷമായവരൊക്കെ എവിടെയൊക്കെയോ എന്നെപ്പോലെ ആരുടെയൊക്കെയോ സ്വന്തമായി പിറന്നു വീണുകാണും അല്ലേ.. അമ്മേ, നമുക്ക് അവിടെ അവരവരുടെതായ വീടുകളില്ല, അമ്മമാരില്ല അച്ഛന്മാരില്ല. ഞങ്ങൾ ഒന്നും പങ്ക് വയ്ക്കാറുമില്ല. സ്നേഹമോ വെറുപ്പോ ഒന്നുമില്ല. എല്ലാം എല്ലാവരുടേം ആണമ്മേ.. അവിടെയെന്നും വെളിച്ചമാണ്, ഇവിടെ ഈ മുറിക്കകത്ത് പോലും എന്ത് ഇരുട്ടാണ്.! ഇനിയും എത്രയേറെ ഇരുട്ട് കഴിഞ്ഞാലാണമ്മേ ഇത്തരിയെങ്കിലും വെളിച്ചം കിട്ടുക.?"

"കുട്ടിക്ക് ഇത്തിരി മുലപ്പാൽ കൊടുക്കൂ അന്നാ.."
നേഴ്സ് അവളെ തട്ടി വിളിച്ചു.
അന്നമ്മ ഞെട്ടിയുണർന്നു. അലറിക്കരയുന്ന കുട്ടിയുടെ വായിലേക്ക് മുല തിരുകികൊണ്ട് അവൾ മന്ത്രിച്ചു:
"ഇരുട്ട്.. എന്തൊരിരുട്ട്.."