Tuesday 15 November 2016

വേലി

ഒരു വേലിക്കെട്ടിന്റെ
അപ്പുറത്തും ഇപ്പുറത്തുമിരുന്ന്
തമ്മിൽ ശിഖരങ്ങളെത്തിപ്പിടിക്കാൻ
ശ്രമിക്കുന്ന മരങ്ങളെ കാണുമ്പോഴാണ്
വേലികെട്ടിവച്ചവരോടൊക്കെയും
വിദ്വേഷം തോന്നുന്നത്‌.

വേലിക്കിടയിൽ പണിയാൻ
മറന്നുപോയരു വാതിലിന്റെ
സാക്ഷമുളപ്പിക്കുവാനുള്ള 
കുഞ്ഞു കുഞ്ഞു മരങ്ങളുടെ
വിഫല ശ്രമങ്ങളെയൊക്കെ
കടന്നുകയറ്റങ്ങളായാണ്
ചരിത്രവീഥികളിൽ രേഖപ്പെടുത്തി
കാണുന്നത്‌.

പുണരാൻ വെമ്പി
നിൽക്കുന്ന മരങ്ങൾക്കിടയിൽ
എന്നുമൊരു കുഞ്ഞു കുഞ്ഞു 
ജാലകങ്ങളുള്ള വേലി തീർക്കുന്നത്‌ 
തന്നെയാണു നല്ലത്.

നമ്മൾ

നീ പോയ്ക്കഴിയുമ്പോൾ
ഈ തിരക്കേറിയ കടൽക്കരയിൽ
ഞാൻമാത്രമാകും.
അപ്പോഴായിരിക്കും
ആകാശത്തിന്റെ നഗ്നത
ഏറ്റവും നന്നായി
എനിക്ക് ബോധ്യംവരിക.