Wednesday 17 February 2016

വീട്ടിലേക്ക് പോകുമ്പോൾ

അന്ന് :
ചവിട്ടുപടികളോരോന്നും
ഓടിക്കയറി
വലിയ നാലുകെട്ടിന്റെ
മുറ്റത്തേക്കിറങ്ങുമ്പോൾ,
കാതില്‍
അടുക്കളപ്പുക ചുമച്ച്
ഉറക്കെയുള്ള അമ്മവിളികള്‍,
ഉമ്മറത്തേക്കോടിയെത്തുന്ന
പെങ്ങള്‍ കൊലുസുകള്‍.

ഇറയത്ത്‌
ചാരുകസേരയിലിരുന്ന്
എനിക്കുനേരെയെറിയുന്ന
അച്ചൻ മന്ദഹാസങ്ങൾ,
പിണക്കം നടിച്ച്‌ അകത്തേക്ക്‌
തിരിച്ചുകയറുന്ന കിങ്ങിണിപ്പൂച്ച.

കുറച്ചുമാറി തൊഴുത്തിൽ
അമ്മിണി പശുവിന്റെ കരച്ചിൽ,
അവിടേയ്ക്ക്‌
തീറ്റപ്പുല്ലുമായ്‌ പതിയെ
നടന്നകന്നുപോകുന്ന മുത്തശ്ശി.

തെക്കേ പറമ്പിൽ
പുളിമാങ്കൊമ്പിൽ തൂങ്ങിയാടിയെന്നെ മാടിവിളിക്കുന്ന കുഞ്ഞൂഞ്ഞാൽ,
പുറത്തെ പറമ്പിൽ
കണ്ണിറുക്കി കൂട്ടുകാർ.

നടുമുറ്റത്ത്
സന്ധ്യയ്ക്കെന്നും
തിരിവയ്ക്കാറുള്ള
വലിയ തുളസിത്തറ.

തൊടിയിൽ
പൂത്തുലഞ്ഞ്‌ ജമന്തിപ്പൂക്കൾ,
അതിനെ വലംവച്ച് ശലഭനൃത്തം.

*********************************

ഇന്ന് :
പായലുകള്‍ പടര്‍ന്നിട്ടും
കളിവരകള്‍
ഇനിയും മാഞ്ഞിട്ടില്ലാത്ത
ചവിട്ടുപടികള്‍
കയറുമ്പോൾ,
അടുത്ത് കാണാം
ഇളകിപ്പൊളിഞ്ഞ
പഴകിയ വീട്.

കാടുകയറിയ വലിയ
മുറ്റത്തിറങ്ങുമ്പോൾ,
കാഴ്ച്ചയിൽ
പാതി തുറന്ന
ജനാല കതകുകള്‍,
മാറാല അയല്‍ വിരിച്ച
തൂണുകള്‍,
ഇറയത്ത് കിളിയൊച്ചയറ്റ്
ഒറ്റയാനായ്‌ ഒരു കിളിക്കൂട്.

കാലം തച്ചുടച്ച
വീടിനകത്ത് കയറുമ്പോൾ,
മുന്‍ചുമരില്‍ 
ചിതല്‍ തിന്നാന്‍ ഭയന്ന
അച്ഛന്‍ ഛായാചിത്രം,
കാലം
മുഖം മായ്ച്ചുകളഞ്ഞ
ചെറിയ കണ്ണാടി,
സമയം
നിലച്ചുപോയൊരു
ഘടികാരം.

അടുക്കളയിൽ
വിശപ്പുകൊണ്ടെന്നോ
ചുളുങ്ങിപ്പോയ
പാത്രങ്ങള്‍,
അവയ്ക്ക് മുകളിൽ
പൊടിയടയാളങ്ങൾ.

പൂജാമുറിക്കകത്ത്
എണ്ണവറ്റിയ നിലവിളക്ക്,
ചീവീടുകളുടെ മന്ത്രജപം.

കിടപ്പുമുറിച്ചുമരിൽ
ബാല്യം വരഞ്ഞിട്ട
മങ്ങിയ നിറങ്ങളുടെ
ചിത്രപ്പണി.

കുഞ്ഞ് ഇരുമ്പലമാരയിൽ
അമ്മ മറന്നുവച്ച
മരുന്നു കുറുപ്പടികൾ.

ജനൽ പടിയിൽ
കൂട്ടമായിരുന്നു മുഷിഞ്ഞ
അടപ്പില്ലാത്ത
കഷായക്കുപ്പികൾ.

താഴെ തറയിൽ
അച്ചൻ ചുമച്ച് തുപ്പിയ
കഫക്കറകൾ,
പാതിയെരിഞ്ഞ
തീപ്പെട്ടിക്കോലുകൾ.

ഇപ്പോഴിവിടെ
കളിയിടങ്ങളില്ല.
കൂട്ടുകാരില്ല.
പെങ്ങൾ കൊലുസുകളില്ല.
അച്ചൻ മന്ദഹാസങ്ങളില്ല.
അമ്മവിളികളില്ല.
കേട്ടുറങ്ങാൻ
മുത്തശ്ശിക്കഥകളില്ല.
എല്ലാം മണ്‍‌മറഞ്ഞ
കാലത്തിന്‍റെ വെറും
ഓർമ്മകൾ മാത്രം.

നമ്മളെപറ്റി’ക്കുന്ന രണ്ട് കവിതകള്‍

ഒന്ന്
*******
കവിത അതിന്‍റെ,
ഉടലുകള്‍ക്കുള്ളില്‍ നിന്നും
വീര്‍പ്പുമുട്ടുന്നു.
ആകാശം,
മേഘങ്ങളിലിട്ടുരസി
വിയര്‍പ്പുപൊടിക്കുന്നു.
അവര്‍,
ഇല്ലാത്ത തെരുവിലൂടലഞ്ഞു
നെടുവീര്‍പ്പിടുന്നു.
നമ്മള്‍ അപ്പോഴും,
പറഞ്ഞതുതന്നെ
പറഞ്ഞുകൊണ്ടിരിക്കുന്നു.

രണ്ട്
*******
ആകാശം അതിന്‍റെ,
ഉടലുകള്‍ക്കുള്ളില്‍ നിന്നും
വീര്‍പ്പുമുട്ടുന്നു.
കവിത,
മേഘങ്ങളിലിട്ടുരസി
വിയര്‍പ്പുപൊടിക്കുന്നു.
നമ്മള്‍,
ഇല്ലാത്ത തെരുവിലൂടലഞ്ഞു
നെടുവീര്‍പ്പിടുന്നു.
അവര്‍ അപ്പോഴും,
പറഞ്ഞതുതന്നെ
പറഞ്ഞുകൊണ്ടിരിക്കുന്നു.