Saturday 22 November 2014

അടിവരയിട്ട ഡയറിക്കുറിപ്പുകള്‍


"അവസാന നിമിഷത്തില്‍ ആണ് റിസര്‍വേഷന്‍ ലഭിച്ചത് തന്നെ,ഒട്ടും താല്പര്യം ഇല്ലായിരുന്നിട്ടും  ചിലരുടെ നിക്ഷിപ്തതാല്പര്യങ്ങള്‍‍,നിര്‍ബന്ധങ്ങള്‍ അതിനു കാരണമായി തീര്‍ന്നു .
എസി കാമ്പാര്‍ട്ടുമെന്റില്‍ രാജകീയമായ യാത്ര.!
അതായിരുന്നു എന്റെ,എനിക്ക് നഷ്ടമാകുന്ന മണിക്കൂറുകള്‍ക്ക് അവര്‍ തന്ന ലേബല്‍ .."
     
വിനോദ് തന്‍റെ അവസാന ദിവസങ്ങളില്‍ എഴുതിയ ഡയറി താളുകളിലെ ആദ്യ താളിലെ വരികളാണിവ ..
തീവണ്ടി യാത്രയില്‍ അവന്‍ അനുഭവിച്ച മാനസിക വേദനകളുടെയും അതിനു ശേഷം ഉണ്ടായ മാനസീകയുദ്ധത്തിന്റേയും   മനസാക്ഷിയെ വഞ്ചിച്ചു യാത്രയ്ക്ക് മുന്‍പുള്ള ദിവസങ്ങളില്‍ എഴുതിയ ഡയറിക്കുറിപ്പുകളുടെ തിരുത്തെഴുത്തും നിറഞ്ഞ ഒരു ഡയറിക്കുറിപ്പിനേക്കാള്‍ നീളുന്ന വലിയൊരു
അനുഭവക്കുറിപ്പിന്‍റെ തുടക്കമായിരുന്നു അത് .

        "യാത്രയുടെ പൊയ്മുഖം അത്രത്തോളം എന്നെ ഭ്രാന്തമായി ബാധിച്ചിട്ടുണ്ടായിരുന്നു .ഒരേ സ്ഥലത്ത്‌ സ്വസ്ഥമായ് ഒന്നിരിക്കാന്‍ പോലുമാവാതെ ആകെയൊരു വെപ്രാളം ചൂഴ്ന്നിറങ്ങി ശരീരത്തെ മൊത്തമായ്‌ അങ്ങനെ വിഴുങ്ങുന്നത് പോലെ ..
ട്രെയിനിനു വേഗത കുറയുന്നവസരങ്ങളില്‍ പുറത്തേക്ക് എടുത്തു
ചാടിയാലോ എന്ന് വരെ ചിന്തിച്ചു..ഓടുന്ന വാഹനത്തില്‍ നിന്നും 
മുന്നോട്ടാണോ അതോ പിറകോട്ടാണോ ചാടേണ്ടത് എന്നൊരു നല്ല പ്രതിസന്ധി 
മനപൂര്‍വം സൃഷ്ടിച്ചു തല്‍കാലം അതില്‍ നിന്നും രക്ഷതേടി .
മൂന്നുനാല് തവണ ചെയിന്‍ വലിക്കാനുള്ള തയ്യാറെടുപ്പുകളും നടത്തി .
ആരും ശ്രദ്ധിക്കാതെ ചെയിന്‍ മെല്ലെ ഒന്ന് തൊട്ടുനോക്കിയും പതിയെ വലിക്കുന്നത് പോലെ ഭാവിച്ചും കുറച്ചു നേരം....
ചെയിന്‍ വലിച്ചു ട്രെയിന്‍ നിര്‍ത്തിയാല്‍ ഉണ്ടാകുന്ന ഭവിഷത്തുകള്‍ 
നന്നായി അറിയാവുന്നത് കൊണ്ടോ എന്തോ ചെറുതല്ലാത്തൊരു പേടി മുറുകി പിടിച്ചിരിക്കുന്നുണ്ടായിരുന്നു .
ശാന്തത ഭാവിച്ചു എന്‍റെ ബെര്‍ത്തില്‍ വന്നിരുന്നു .
ഇനിയും എത്രയോ മണിക്കൂറുകള്‍ ഇതില്‍ ഇങ്ങനെ .....ഓരോ മിനിട്ടും കഴിയും തോറും ശ്വാസോച്ഛ്വാസം ട്രെയിനിനൊത്ത വേഗതയില്‍ എന്നെ പിന്തുടരുന്ന പോലെയായിരുന്നു ..
ഇനി ഒരുപക്ഷെ മണിക്കൂറുകള്‍ അങ്ങനെ തന്നെ പോയിരുന്നുവെങ്കില്‍, 
ലക്ഷ്യസ്ഥാനത്തു ഞാന്‍ എത്തുമ്പോള്‍ എന്നെ സ്വീകരിക്കുന്നത് സുന്ദരികളായ ഒരു കൂട്ടം മാലാഖമാരായിരുന്നേനെ ...!

ലക്ഷകണക്കിന് മനുഷ്യരാണ് ഒരോ ദിവസവും ആവശ്യത്തിനും അനാവശ്യത്തിനും ട്രെയിനില്‍ യാത്രചെയ്യുന്നത്.എന്‍റെ പിറകിലും മുന്നിലുമായിതന്നെ ആയിരക്കണക്കിനു പേര്‍ ,
ഒരുപാട് സങ്കടങ്ങളും പേറി ഇടത്തരകുടുംബങ്ങള്‍,ആഘോഷത്തിന്‍റെ ആഡംബരത്തിന്‍റെ  കോട്ടു ധരിച്ചു പണക്കാര്‍,തൊഴില്‍ അന്വേഷകര്‍ ,കമിതാക്കള്‍ ,ഭാര്യാഭര്‍ത്താക്കന്മാര്‍,ജീവിതം ജീവിച്ചു തന്നെ തീര്‍ത്ത പ്രായമായവര്‍ ,അങ്ങനെ പലരും. കൂട്ടത്തില്‍ എന്നെപ്പോലെ പൂര്‍ണ ആരോഗ്യവാന്മാരായ ചെറുപ്പക്കാരും.
മറ്റൊരിടത്തു അവരും ശ്വാസംമുട്ടി ഇരിക്കുകയായിരിക്കുമോ ..?
ജനറല്‍ കമ്പാര്‍ട്ടുമെന്റ് ആയിരുന്നു ഇതിനേക്കാള്‍ ഭേദം .
ഉള്ളുകത്തുമ്പോള്‍ തണുത്ത ശരീരവുമായി യാത്രചെയ്തിട്ടെന്ത് ..?

എത്ര എളുപ്പമായാണവര്‍ എന്റെ സഹയാത്രികര്‍ യാത്രയെ
എസി കാമ്പാര്‍ട്ടുമെന്റില്‍ തളച്ചിടുന്നത്,എനിക്കും അതെന്തുകൊണ്ട് പറ്റുന്നില്ല..?
തിരുവനന്തപുരത്തേക്കാണ് ടിക്കറ്റ് റിസര്‍വ്ചെയ്തിട്ടുള്ളത് .
ഞാന്‍ പലതവണ അവിടെ ചെന്നിട്ടുമുണ്ട് .
അപ്പോഴൊന്നും ഇല്ലാത്തൊരു നീറ്റല്‍ ഇപ്പോഴുണ്ടാകുന്നത്തിനുള്ള കാരണങ്ങള്‍ അതാണ്‌ പിടികിട്ടാത്തത്.. ചില കള്ളങ്ങളെ സ്വയം എത്ര വിശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും അത് വലിയൊരു കള്ളമായി തന്നെ ഇരിക്കും .
ഒന്നും അറിയാത്തവനെപ്പോലെ എത്ര നേരം ഞാന്‍ നടിക്കും...
യാത്രയെ ഹരമായി കൊണ്ടുനടന്നിരുന്നപ്പോ അറിഞ്ഞിരുന്നില്ല അതിനു ഇങ്ങനെയും ഒരു മുഖം കൂടി ഉണ്ടെന്നു ..
വരാനിരിക്കുന്ന അപകടങ്ങളില്‍ നിന്നും ഒരു രക്ഷപ്പെടുത്തല്‍,ബന്ധുക്കളും കൂട്ടുകാരും അവരുടെ കര്‍ത്തവ്യം നന്നായി ചെയ്തിട്ടുണ്ട്..  
എങ്കിലും ഈ യാത്രയെ ഒളിച്ചോട്ടത്തിന്‍റെ തുടക്കം എന്നാണു ഇപ്പോഴും മനസ്സ് പരിഹസിച്ചു കൊണ്ടിരിക്കുന്നത് ...
എല്ലാം നഷ്ടപ്പെട്ടവനും ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്തവനും ആരേയും ഭയക്കേണ്ടതില്ല..പക്ഷെ എനിക്ക് അങ്ങനെയല്ലല്ലോ അച്ഛനും അമ്മയും ബന്ധുക്കളും കൂട്ടുകാരും അങ്ങനെ ഒരുപാട് പേര് .. 
ഒരു ജേണലിസ വിദ്യാര്‍ഥി ആയിരുന്നു ഞാന്‍ .
നാട്ടിലെ ഒരു പ്രശസ്തമായ ഹോസ്പിറ്റലില്‍ ഉണ്ടായ ആത്മഹത്യയ്ക്ക് ദുരൂഹത ഉണ്ടെന്നുകാണിച്ച് എന്‍റെ നേതൃത്വത്തില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ പോലീസ് സ്റെഷനില്‍ കൊണ്ടുചെന്നു കൊടുത്ത ഒരു പരാതിയാണ്
ഇന്ന് എന്നെ എന്റെ ഉള്‍മനസ്സു അനാവശ്യം എന്നും പ്രിയപ്പെട്ടവര്‍ പ്രധാനപ്പെട്ടതെന്നും വിളിക്കുന്ന ഈ യാത്രവരെ കൊണ്ടെത്തിച്ചത് ..

ആദ്യ സ്റേഷന്‍ എത്താറായപ്പോഴേക്കും ഞാനാകെ ക്ഷീണിച്ചിരുന്നു . കൂടെയുള്ളവര്‍ എന്നെ ഒരു നിമിഷം പോലും ശ്രദ്ധിക്കാതെ അവരവരുടെ ലോകത്താണ് .മൊബൈലും ഇയര്‍ഫോണും പുസ്തകവും ഒക്കെയായി അങ്ങനെ ...
ഒരു വിധത്തില്‍ തപ്പിത്തടഞ്ഞു എഴുന്നേറ്റു പുറത്തേക്ക് ഒരു ഓട്ടമായിരുന്നു..ട്രെയിന്‍ നിര്‍ത്തും മുന്‍പേ പ്ലാറ്റ്‌ഫോംമിലേക്ക് 
ചാടിയിറങ്ങി .വഴിതെറ്റി നരഗത്തില്‍ എത്തിയവന്‍ സ്വര്‍ഗം കണ്ടെത്തിയത്പോലെ...കുറെ നേരം ഒരേ നില്‍പ്പ് ...
അപ്പോഴേക്കും ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയിരുന്നു .
കുറച്ചു നിമിഷങ്ങള്‍ക്ക് മുന്‍പേ ഞാന്‍ അനുഭവിച്ച ഭ്രാന്തമായ അനുഭവങ്ങളൊക്കെയും അതിനു പിറകേ ഒന്നൊന്നായി  ഓടി മറഞ്ഞിരിക്കുന്നു എന്നൊരു അനുഭൂതി ഉണ്ടാകും വരെ ആ നില്‍പ്പ് തുടര്‍ന്നു. 
ഇനി എങ്ങോട്ട് ... ? അതൊരു വലിയ ചോദ്യചിഹ്നം ഒന്നും ആകില്ലെന്നാണ് ആദ്യം കരുതിയത് ..മനസ്സ് വിളിക്കുന്ന ഇടങ്ങളിലേക്ക് തന്നെ പോവുക അതായിരുന്നു തീരുമാനം .
പക്ഷെ ഇപ്പോള്‍ പിടിതരാതെ ഒളിച്ചു കളിക്കുകയാണ് മനസ്സെന്ന വികൃതി പയ്യന്‍ .ഒരുപക്ഷെ ഞാന്‍ ഒരു ഭീരുവായിരിക്കാം ..മനസ്സിനെ പോലും തന്‍റെ വഴിയേ നടത്താന്‍ ഒരു യോഗിക്ക് അല്ലെങ്കില്‍ വലിയ ഒരു ഭീരുവിനേ സാധിക്കുകയുള്ളൂ ..അതെ ഞാനൊരു ഭീരു തന്നെയാണ് ..അല്ലെങ്കില്‍ 
ഇങ്ങനെയൊരു ഒളിച്ചോട്ടത്തിന്‍റെ ആവശ്യകതയെന്ത് ..?"

പിന്നിടുള്ള മൂന്നുനാലു പേജുകള്‍ നിറയെ ഞാനൊരു ഭീരുവാണ് എന്ന ഒറ്റ വാചകം മാത്രമായിരുന്നു എഴുതിയിട്ടുണ്ടായിരുന്നത്..
                                                                                                                            
                                                                                                                                     (തുടരും)