Friday 29 May 2015

ജവാന്‍

ആരൊക്കെയോ വന്നിടയ്ക്കിടെ
അതിര്‍ത്തിയിലെത്തി
മാഞ്ഞുതുടങ്ങിയ അടയാളങ്ങളില്‍
ചായം പൂശിയിരുന്നതോര്‍മ്മയുണ്ട്

'സമാധാനം' എന്നൊരു വാക്ക്    
അവരുടെ നിഘണ്ടുവില്‍ വീണ്ടും
തിടുക്കപ്പെട്ടു
എഴുതിച്ചേര്‍ത്തിരുന്നതോര്‍മ്മയുണ്ട്

വെടിയൊച്ചകള്‍ക്കൊടുവില്‍
ഉയരെ വീശി വീശി
കാണിച്ച വെള്ള കൊടിയെ
ദിവസങ്ങള്‍ക്കു ശേഷം അവര്‍
ചുവപ്പെന്നു വിളിച്ചിരുന്നതോര്‍മ്മയുണ്ട്

ഇവടമെന്തൊരു വിചിത്രമായ
നിശബ്ദതയാണെന്നാലോചിച്ചാലോചിച്ച്
ഓരോ ഉറക്കത്തിലും തുടരെ തുടരെ
നമ്മളോരോരുത്തരും
വെടിയുണ്ടകള്‍ പായിക്കുന്നത്
സ്വപ്നം കണ്ടിരുന്നതോര്‍മ്മയുണ്ട്

മരിക്കും മുന്‍പേ
നാട്ടിലേക്കുള്ള വിദൂര വഴികളില്‍
ചിലതൊക്കെ നമ്മള്‍ മനപൂര്‍വ്വം
മറന്നുവച്ചിരുന്നതോര്‍മ്മയുണ്ട്.

വേണ്ട വേണ്ട
എനിയൊരോര്‍മ്മയ്ക്കു കൂടി
സന്ധിയില്ലാസമരത്തിനിടമില്ലിവിടെ

ആവര്‍ത്തനം

ആദ്യ രാത്രി 
ആദ്യം ചുംബനം കഴിഞ്ഞു 
അടുത്തതിലേക്ക് കടക്കുമ്പോള്‍ 
കാലചക്രത്തിന്റെ ഇടയില്‍ 
കാലു കുടുങ്ങി അവനും അവളും 
ഒരു കടല്‍ യാത്രയ്ക്കുള്ള 
തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കും 
കപ്പിത്താന്‍ ഇല്ലാതെ,
കാറ്റിന്റെ ഗതി നിര്‍ണയിക്കാതെ,
ഒരു പായകപ്പലില്‍ ശാന്തമായ 
സമുദ്രപാത കളില്‍ 
രണ്ടു ശരീരത്തെ ഒന്നാക്കി,
ദാഹം വിഴുങ്ങി,
കടലൊച്ചകളെ മാറില്‍ 
ലയിപ്പിച്ച്,
മരിച്ച തിരകളെ പെരുപ്പിച്ച്,
ഇരുട്ടിനെ കറുപ്പിച്ച്,
നിശ്വാസങ്ങളെ ചേര്‍ത്ത്പിടിച്ച്,
ഒരു ഉള്‍ക്കടല്‍ യാത്ര .

അവസാനത്തൊരു കൊടുംകാറ്റില്‍

കപ്പല്‍ച്ചേതത്തില്‍
ഒന്നായൊരു ശരീരം മരിച്ച്, 
രണ്ട് ജടങ്ങളായി പുനര്‍ജനിച്ച്, 
ആനന്ദത്തിന്റെ കൊടുമുടികളില്‍ 
നിന്നും ജീവന്റെ പുല്‍നാമ്പിലെക്കുള്ള 
വലിച്ചെറിയലുകളില്‍
ഒരു പുതിയ സൃഷ്ടിയില്‍ പങ്ക്ചേര്‍ന്ന്‍
അവരും 
ജീവിത്തിന്റെ ആവര്‍ത്തനത്തിലേക്ക്
ഒരു വിത്തെറിയുന്നു..

ഒറ്റ

ഒരു വാക്കുപോലും
പറഞ്ഞില്ലല്ലോ എന്നല്ല
ആ 'ഒരു വാക്ക്'
പറയാതിരിക്കാനെടുത്ത
സമയത്തെ
ചൂണ്ടയില്‍ കൊളുത്തി
പുഴയിലേക്കെറിയേണ്ടിയിരുന്നില്ല 
എന്നൊരറ്റ കാരണത്താലാണ് 
ചൂണ്ട ഉപേക്ഷിച്ചുപോയത് .

ഒരു ചൂണ്ടയില്‍ പോലും 
കൊത്തില്ലെന്നറിയാഞ്ഞിട്ടല്ല
ചുണ്ടില്‍ എരിഞ്ഞു തീരുന്ന
കുറ്റിയില്‍ നിന്നുയരുന്ന 
പുകച്ചുരുളിന്‍റെ
ആകാശം കീഴടക്കുവാനുള്ള 
പ്രതീക്ഷ കണ്ടിട്ടാണ് ,
ഒരു ചൂണ്ടകാരന്‍റെ കാത്തിരിപ്പിനെ 
ഓര്‍ത്തിട്ടാണ് ,
വീണ്ടും മണ്ണിലിരകള്‍ 
പെറ്റ് കൂട്ടുന്നത്‌ .

മണ്ണറയിലാരും
ഒളിഞ്ഞുനോക്കില്ലെന്നിരിക്കാം
അപ്പുറത്തും ഇപ്പുറത്തും 
മലര്‍ന്നു കിടന്ന് കിനാവ്‌ കാണുന്നവര്‍
കിടപ്പുണ്ടെങ്കിലും  
കല്ലറ കൂടു പൊളിച്ച്
മരിക്കാത്തൊരുവനെങ്കിലും 
എത്തി നോക്കിയെങ്കിലെന്ന്‍
മോഹിച്ചിട്ടാണ് 
കണ്ണടഞ്ഞിട്ടും
ഒളികണ്ണിട്ട് 
ഭൂമിയില്‍ നിന്നും ആകാശത്തേക്ക് 
ഉഷിരങ്ങള്‍ വീഴ്ത്തുന്നത് .

ഭൂമിക്കൊരിക്കലും 
കറങ്ങി കറങ്ങി മടിപിടിക്കില്ലെന്നല്ല 
ഈ കറക്കത്തോടൊത്ത് കറങ്ങാന്‍ 
ആരും കൂട്ടില്ലല്ലോ
എന്നൊരൊറ്റ പരിഭവം മാത്രം
തീര്‍ത്തുകിട്ടിയിട്ടാണ്
ഒറ്റയാനാവാതെ,ഇപ്പോഴും
നിന്ന് കറങ്ങുന്നത് .

ഒറ്റയിലേക്ക് തുറക്കുന്ന
ഒരൊറ്റ താക്കോല്‍ പോലും 
പണിതുവച്ചിട്ടില്ലെനിയും    
ഓരോ തിരിച്ചിലിനും     
താഴ്വീഴ്ത്തുമെന്ന്
തോന്നിച്ചൊരു പൂട്ട്‌
മാത്രമുണ്ട് ബാക്കി 
എന്നിട്ടുമിവിടെ പലതും
ഒറ്റയ്ക്കെന്ന വ്യാജേന
ഒറ്റയ്ക്കിരിക്കുന്നത്
കാത്തിരിപ്പിന്‍റെ
പെരുപ്പിച്ചു കാട്ടലാണ് .