Thursday 26 November 2015

കടല്‍ജീവിതം

കരയിലെ
ജീവിതമെന്തിങ്ങനെ
എന്നൊരുതോന്നലില്‍ കെട്ടി
പിണഞ്ഞുകൂടിയ
കടല്‍ ലോകമൊന്നിനെ
മെല്ലെ മെല്ലെ
അഴിച്ച് എടുക്കും.
കുരുക്കഴിഞ്ഞാല്‍.,
കടലാഴങ്ങളിൽ
ഒരു ചെറുകടലനക്കത്തില്‍
തിരയുറക്കം കെടുത്തുന്ന
നൊമ്പരങ്ങളുണ്ട്.
കൌതുക കടല്‍ വിട്ട്
ദൂരെ പൊൻമണൽ പേറുന്ന
വന്‍കരയിലേക്ക് കണ്ണെറിയുന്ന
മീന്‍ കുഞ്ഞുങ്ങളുണ്ട് .
വട്ടമിട്ട് ആകാശക്കടല്‍
താഴ്ന്നിറങ്ങും
വിശപ്പ്‌കോര്‍ത്തിട്ട
വേട്ടക്കണ്ണുകളുള്ള
കടൽക്കാക്കകളുണ്ട് .
മണലോടു ചേര്‍ന്ന്
ശ്വാസംമുട്ടിക്കിടക്കും
ഒഴിഞ്ഞ കുപ്പിയില്‍
ധ്യാനംപോലെ
നുഴഞ്ഞുകയറുന്ന
കുഞ്ഞനുറുംമ്പുകളുണ്ട്.
പുറമേ ശാന്തവും,
ഉള്ളറകളിൽ
വലിയൊരു നാദവും
ഒളിപ്പിച്ച് കടത്തുന്ന
വലംപിരിശംഖുകളുണ്ട് .
പുറമേ ഭാരവും താങ്ങി
അകമേ ഉൾവലിയുന്ന
കടലാമാകളുണ്ട്.
ആടിയും ഉലഞ്ഞും
നീങ്ങിത്തുടങ്ങി,
കടൽമധ്യത്തിൽ
മൌനമായ്‌ പായുന്ന
കപ്പലുകളുണ്ട്.
ഇരുട്ടിൽ കരയെ
പുണർന്ന്
പകൽ മെല്ലെ
കരയിറങ്ങുന്ന
തിരകളിലൊളിച്ച
ജാരന്മാരുണ്ട്.
അവയെത്ര
ആഞ്ഞടിച്ചിട്ടും
തെല്ലൊന്നനങ്ങാത്ത
വൻപാറകളുണ്ട്.
അങ്ങനയങ്ങനെ
കരയില്‍
മുഴച്ച് പൊന്തിയൊരു
കടല്‍ലോകം
ഒരുമാതിരി
കരലോകം തന്നെ
എന്നൊരു തോന്നലില്‍
വീണ്ടും അവയൊന്നായ്‌
പിണഞ്ഞു ചേരുന്നു .