Wednesday 7 December 2016

നിനക്കുള്ള കത്തുകൾ8

പ്രിയപ്പെട്ടവളേ,

സെപ്റ്റംബർ 7 ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അഞ്ചാം വാർഷികമായിരുന്നു. പാട്ടും ഡാൻസും നാടകവുമൊക്കെയായി സന്തോഷപൂർവ്വം അത് കഴിഞ്ഞുപോയി. മിനേഷിന്റെ പാട്ടോടും കൂടിയാണ് പരിപാടി ആരംഭിച്ചത്. നമ്മുടെ ഓഫീസിലെ ഏറ്റവും പ്രായം കുറഞ്ഞ സുമുഖനായ ആ ചെറുപ്പക്കാരൻ നല്ലൊരു ഗായകനാണ്. ആദ്യം ഒരു  പ്രണയഗാനവും പിന്നീട് വിരഹഗാനവും പാടിയതോടെ സദസ്സ് പൂർണ്ണമായും കയ്യടക്കാൻ അവന് നിഷ്പ്രയാസം  സാധിച്ചു. ഞാനൊഴികെ മറ്റെല്ലാവരും പുറത്തും അണിയറയിലുമൊക്കെയിരുന്ന് കയ്യടിച്ചു. എന്റെ ജീവിതത്തിലെ രണ്ടു കാലഘട്ടമായിരുന്നു ആ എട്ടുമിനുട്ടിൽ എനിക്ക് മുൻപിൽ അവതരിപ്പിക്കപ്പെട്ടത്. അത് കേട്ടിരുന്ന് ഞാൻ എങ്ങനെ കയ്യടിക്കാനാണ് പെണ്ണേ.. 'എന്റെ പ്രണയമേ..' എന്ന് ഞാൻ അറിയാതെ  മനസ്സിൽ പലവട്ടം ഉരുവിട്ടുപോയിരിക്കുന്നു അപ്പോൾ.
മിനേഷിനെ പോലെ എത്ര എത്ര മനുഷ്യരാണ് അകമേ ഒളിപ്പിച്ചുവച്ച കഴിവുമായി ഈ ലോകത്ത് ജീവിക്കുന്നത്. അല്ല, സഖീ
ജീവിക്കേണ്ടിവരുന്നത് എന്നല്ലേ യാഥാർഥ്യം.?

പെണ്ണേ.. നീ വിശ്വസിക്കുമോ എന്നെനിക്ക് അറിയില്ല. അന്നത്തെ പരിപാടിയുടെ ഭാഗമായി നടന്ന ഒരു ഹാസ്യനാടകത്തിൽ ഞാനും ചെറിയൊരു അഭിനയം കാഴ്ചവച്ചിരുന്നു. സ്‌കൂൾപടി കാണുമ്പോൾ തന്നെ ഉറക്കം തൂങ്ങിയിരുന്ന ഈ ഞാൻ ആ നാടകത്തിൽ ഒരു സ്‌കൂൾ അദ്ധ്യാപകനായി അഭിനയിച്ചിരിക്കുന്നു. ആത്മാർത്ഥമായിതന്നെ നിന്നോട് ഞാൻ പറഞ്ഞുകൊള്ളട്ടെ, എന്നെ സംബന്ധിച്ചിടത്തോളം അത്രയ്ക്ക് സുഖമുള്ള ഏർപ്പാട് ഒന്നുമല്ല ഈ അദ്ധ്യാപനം എന്ന ജോലി. 
പ്രിയേ നിനക്ക് ഓർമ്മയുണ്ടോ, നാലാം ക്ലാസിൽ നിന്നെ കണക്ക് പഠിപ്പിച്ചിരുന്ന ആ കറുത്തുതടിച്ച രാജൻ മാഷിനെ. എന്നെയും പഠിപ്പിച്ചതും അദ്ദേഹം തന്നെയായിരുന്നു. പാഠഭാഗങ്ങൾ പറഞ്ഞുതരുമ്പോൾ  അദ്ദേഹത്തിന്റെ കണ്ണുകൾ കൂടുതൽ ഭയമുളവാക്കുമായിരുന്നു എന്ന് നീ പറയാറുണ്ടായിരുന്നത് ഞാൻ ഓർക്കുന്നു. കണക്ക് പോലെ തന്നെയാണ് പെണ്ണേ കണക്ക് മാഷും എന്ന് ഞാൻ അപ്പോൾ മറുപടിനൽകാറും ഉണ്ടായിരുന്നു. ഇനിയൊരിക്കൽ നീ അദ്ദേഹത്തെക്കുറിച്ച് പറയുമ്പോൾ, കണക്കും കണക്ക് മാഷേയും പോലെ തന്നെയാണ് ജീവിച്ച് തുടങ്ങുമ്പോൾ ജീവിതവും എന്നായിരിക്കും എന്റെ മറുപടി.
അതും നമ്മളെ സ്നേഹത്തോടെയെങ്കിലും കണ്ണുരുട്ടി പേടിപ്പെടുത്തിക്കൊണ്ടേയിരിക്കും. അതെ പെണ്ണെ ഒരു കറുത്ത തടിച്ച നിരന്തരം കണ്ണുരുട്ടി കൊണ്ടിരിക്കുന്ന ഒരു കണക്കുമാഷിന്റെ മുൻപിൽ ഉത്തരം കിട്ടാതെ വലയുന്ന ഒരു നാലാംക്ലാസ് വിദ്യാർത്ഥിയാണ് എന്റെ ജീവിതവും ഇപ്പോൾ. 
രാജൻ മാഷ്, അദ്ദേഹം ഇപ്പോൾ മരണപ്പെട്ടു കാണുമായിരിക്കും അല്ലേ..! വേണ്ട, ഈ കത്തിലെങ്കിലും മരണം കടന്നുവരാതിരിക്കട്ടെ..

സഖീ.. അന്നത്തെ ഹാസ്യ നാടകത്തിൽ എന്റെ അദ്ധ്യാപക കഥാപാത്രത്തിന് കാര്യമായ ഹാസ്യപ്രാധാന്യം ഒന്നും സത്യത്തിൽ ഉണ്ടായിരുന്നില്ല. ഒരിക്കൽ പോലും നിന്നെ ചിരിപ്പിക്കാൻ പോലും കഴിയാതെ പോയ എനിക്ക് ഒരു ചെറു നാടകത്തിലൂടെ എങ്ങനെയാണ് മുൻപിൽ ഇരിക്കുന്ന വ്യത്യസ്തരായ അനേകം സഹപ്രവർത്തകരെയും മറ്റുള്ളവരെയും ചിരിപ്പിക്കാൻ സാധിക്കുക..? 
പക്ഷേ, അപ്പുണ്ണിയായി അഭിനയിച്ച സരോജ് മുഴുവനാളേയും  ചിരിപ്പിച്ചുകൊണ്ടേയിരുന്നു. മാനസീക വൈകല്യമുള്ള ഒരു ചെറുപ്പക്കാരനാണ് അപ്പുണ്ണി. അവന്റെ രസകരമായ നിൽപ്പ് മാത്രം കണ്ടാൽമതി ചിരിയുടെ മർമ്മമിളകാൻ. വൈകല്യങ്ങളെ എങ്ങനെ മറ്റുള്ളവരുടെ സന്തോഷത്തിനു കാരണമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണം തന്നെയായിരുന്നു അപ്പുണ്ണിയുടെ  കഥാപാത്രം.
പ്രിയമുള്ളവളെ, പുതിയ മനുഷ്യന്റെ സന്തോഷത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് അടുത്ത ക്ലാസിൽ കണ്ണുരുട്ടാത്ത ഏതെങ്കിലും ഒരു അദ്ധ്യാപകനോട് ചോദിക്കണം നീ. ആ ചോദ്യം ഒരു കണക്ക് മാഷേപ്പോലെ അവരേയും നോക്കി കണ്ണുരുട്ടട്ടെ.!