Tuesday 22 November 2016

നിനക്കുള്ള കത്തുകൾ6

പ്രിയപ്പെട്ടവളേ,

കഴിഞ്ഞ ദിവസം അമ്മ വിളിച്ചു. അടുത്ത ആഴ്ച വീട് ഭാഗംവയ്ക്കലാണ്. അല്ല, ഉറപ്പോടെയിരുന്ന ചില ബന്ധങ്ങളെ വെട്ടി മുറിക്കലാണ് എന്ന് പറയുന്നതാവും ശരി. നിനക്ക് വടക്കേ പറമ്പിലെ 6 സെന്റ്‌ പോരെ എന്ന് ചോദിച്ചു. ഞാൻ ഒന്നും പറഞ്ഞില്ല. എനിക്ക് അവിടെ ഓണംകേറാ മൂലയിൽ എത്ര സെന്റ്‌ കിട്ടിയാലെന്ത്‌. പെങ്ങൾക്ക് സ്ഥലം വേണ്ടെന്ന് പറഞ്ഞു. അവൾക്ക് പണമായോ സ്വർണ്ണമായോ മതിയെന്നാണ്.
പിന്നെ ചേട്ടൻ ബോംബയിൽ നല്ല ജോലി ഉപേക്ഷിച്ച് ഇനി നാട്ടിൽ വന്നു താമസിക്കുമെന്ന് തോന്നുന്നില്ല. ചേട്ടത്തിക്കും ബോംബെയാണ് പ്രിയം. അതുകൊണ്ട്‌ ചേട്ടന്റെ ഓഹരി പുറത്ത്‌ വിൽക്കാനായിരിക്കും ഉദ്ധേശം. അതിനാണ് റോഡിനോട് ചേർന്ന കണ്ണായ സ്ഥലം തനിക്ക് വേണമെന്ന് അമ്മയുമായി ആദ്യം തന്നെ ചട്ടം കെട്ടിയത്‌. അവനവന്റെ കാര്യം വരുമ്പോൾ എല്ലാവരെയും പോലെ ഞാനും സ്വാർത്ഥൻ തന്നെയാണ്. നാളെ അമ്മയെ വിളിച്ച്‌  എനിക്ക് റോഡിനോട് ചേർന്ന സ്ഥലം തന്നെ വേണം എന്ന് പറയും. സഖീ, ഇതാ ഈ പറഞ്ഞ ഞാൻ തന്നെ അല്ലേ ഇപ്പോൾ ബന്ധങ്ങളെ വെട്ടിമുറിക്കാൻ വാളോങ്ങുന്നത്‌.
പെണ്ണേ, ഞാൻ നിർബന്ധിച്ചെന്ന് കരുതി ആ തീരുമാനത്തെ ചേട്ടനോ ചേട്ടത്തിയോ എന്തിന് അമ്മ പോലും അനുകൂലിക്കില്ലെന്ന് എനിക്ക് നന്നായി അറിയാം. പിന്നെ  എവിടെയും ഞാൻ തോറ്റ് കൊടുക്കുന്നതല്ല,
പലയിടത്തും അവസാനം തോറ്റുപോകുന്നതുമാത്രമാണെന്ന്
ചിലരെയെങ്കിലും മനപ്പൂർവ്വം തെറ്റിധരിപ്പിക്കേണം എനിക്ക്. അതെ പെണ്ണേ നീയും ആ  ചിലരിൽ ഒരാൾ തന്നെയാണ്.
ഈ കത്തെഴുതുന്നത്‌ ഓഫീസിൽ ഉച്ചയ്ക്കുള്ള ഒഴിവുസമയത്താണ്. ഊണുകഴിക്കാൻ നല്ലവരായ സഹപ്രവർത്തകർ എല്ലാവരും നിർബന്ധിച്ചിട്ടും എനിക്കത്‌ നിരസിക്കേണ്ടിവന്നു. ഇങ്ങനെയൊക്കെ തന്നെയായിരിക്കും ബന്ധങ്ങളുടെ കണ്ണികൾ പതിയെ അടർന്നു മാറുന്നത് അല്ലേ..

അത് പോട്ടേ.. നെല്ലിക്കുന്ന് തോട്ടിൽ നിന്നും കുട്ടിക്കാലത്ത് അമ്മുവും നീയും ചൂണ്ടയിട്ടു പിടിക്കാറുള്ള ഒരു ചെറിയ മീനുണ്ടായിരുന്നല്ലൊ, അതിന്റെ പേര് ഞാനിപ്പോൾ മറന്നുപോയിരിക്കുന്നു. സാരമില്ല, ഇവിടെ എത്തിയതിനു ശേഷം മറവി ഒരു അത്ഭുതം ആയൊന്നും തോന്നുന്നില്ല. ഭൂമിയെ പുതിയ തലമുറയ്ക്ക് അളന്നുമുറിച്ചു കൊടുത്തപ്പോൾ പൂർവ്വികർ ആരെങ്കിലും കരുതിക്കാണുമോ
ആ തോടുപോലും പില്ക്കാലത്ത് ഓർമ്മയിൽപ്പോലും ഉണ്ടാകില്ലെന്ന്.!

പ്രിയേ, മരണത്തിന്റെ അവസാന നിമിഷവും നമുക്ക്‌ എത്രയോ നിസാരമായ ആ ചെറിയ മീൻപോലും കരയിൽ കിടന്നു ജീവനുവേണ്ടി ഏറെനേരം പോരടിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിലെ എല്ലാ ജീവജാലങ്ങളും ജയിക്കുവാനുള്ള പോരാട്ടത്തിൽ ആണ്. ഓരോ നിമിഷവും എല്ലാവരും പോരാളികൾ.
അവിടെ നിരന്തരം പോരടിച്ചുകൊണ്ടിരിക്കുന്നവരുടെ ഇടയിൽപ്പെട്ട്  ഒന്നും ചെയ്യാനില്ലാതെ നിസ്സഹായനായിപ്പോകുന്നു എന്നെപ്പോലെയുള്ള ചില മനുഷ്യർ.
ഈ കത്ത് കൂടുതൽ ഒന്നും എഴുതാനാവാതെ നിന്നെ ഏറെ വേദനിപ്പിച്ചും കൊണ്ട് ഞാൻ ചുരുക്കുകയാണ്.