Tuesday 2 February 2016

ശിഷ്ടം

അയാൾ മരിച്ചിട്ട് അന്നേക്ക് നാലുദിവസം കഴിഞ്ഞിരിക്കുന്നു.
എന്നും അതിരാവിലെ നാലുമണിക്ക് കടവിൽ മണൽവാരൽ ജോലിക്ക് പോകാൻ തിരക്കിട്ട് കല്ലു ഒരുങ്ങുമ്പോഴേക്കും തന്റെ ഭർത്താവ് പപ്പൻ ഉണർന്നിട്ടുണ്ടാവും. ഇടത് കൈവെള്ളയിൽ ഉമിക്കരിയും പിടിച്ച്, നെല്ലിമരത്തിന്റെ ചോട്ടിൽ ചെന്നുനിന്ന്, വലത്തേ കൈവിരലുകൾ ഓരോന്നും കൊണ്ട് മാറി മാറി ആസ്വദിച്ച് പല്ലുതേക്കുന്ന അമ്പത്തിരണ്ടുകാരൻ പപ്പൻ. അതായിരിക്കും അവൾ ഇറങ്ങുമ്പോൾ കാണുന്ന സ്ഥിരം കാഴ്ച. അവളുടെ ഇരുപത്തിനാലാം വയസ്സിലായിരുന്നു പപ്പനുമായുള്ള വിവാഹം നടന്നത്. അന്ന് അയാൾക്ക് പ്രായം മുപ്പത്. പക്ഷേ, ലോറി ഡ്രൈവറായിരുന്ന പപ്പന് ഒരു അപകടത്തിൽ തന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. അന്ന് അവരുടെ ദാമ്പത്യ ജീവിതം ആരംഭിച്ചിട്ട് ഒരു വർഷം തികയുന്നേ ഉണ്ടായിരുന്നുള്ളൂ.. അവർക്ക് കുട്ടികൾ ഉണ്ടാകാഞ്ഞിട്ടുംകൂടി യാതൊരുവിധ നഷ്ടബോധവും കൂടാതെ അയാളുടെ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കി നടത്തി അവൾ. അപകടത്തിനു ശേഷം പപ്പൻ പുറത്ത് ജോലിക്ക് പോയില്ല. കല്ലു ജോലി കഴിഞ്ഞു വരുമ്പോൾ കൊണ്ടുവരുന്ന പനയോലകൾ അയാൾ വീട്ടിൽ നിന്നുംതന്നെ മെടഞ്ഞു ചൂലുണ്ടാക്കി വയ്ക്കും. അവളത് രാവിലെ പോകുമ്പോൾ വഴിക്കച്ചവടക്കാർക്ക് കിട്ടുന്ന വിലയ്ക്ക് വിൽക്കും. 'താൻ കൊണ്ട് ചെന്ന് നേരിട്ട് തന്നെ വിറ്റോളാം.. അപ്പോൾ കൂടുതൽ കാശിനു വിൽക്കാലോ..' എന്നയാൾ പലവട്ടം പറഞ്ഞിട്ടും. അവളത് സമ്മതിച്ചില്ല.
"ഈ വയ്യാത്ത അവസ്ഥയിൽ, ഇനി അതിന്റേം കൂടി കൊറവേ ഉള്ളൂ, അല്ലേ പപ്പേട്ടാ.."
എന്ന പരിഹാസം കലർന്ന മറുപടി കൊണ്ട് കല്ലു പപ്പന്റെ ആ വാക്കുകളെ അപ്പോഴൊക്കെയും തടുത്തു.

   നാലുകൊല്ലങ്ങൾക്ക് മുൻപ്, പപ്പന്റെ പ്രിയ കൂട്ടുകാരനായിരുന്ന രഘുവിന്റെ അടുത്ത ബന്ധുവായ കുമാരേട്ടൻ അവർക്ക് സമ്മാനിച്ചതാണ്‌, മുറ്റത്തെ ആ ചെറിയ നെല്ലിമരം. സന്തോഷത്തോടെ, തങ്ങളുടെ കുഞ്ഞിനെപ്പോലെ അവൾ അതിനെ ചെറിയ മുറ്റത്ത് ഒരിടത്ത് നട്ടു പരിപാലിച്ചു.
പക്ഷെ, കടൽ കാറ്റെറ്റ് അതിന്റെ വളർച്ച മന്ദഗതിയിലായി. എങ്കിലും അവളതിനെ ജീവനെപ്പോലെ നോക്കി. ഒരു ദിവസം രാത്രി ഉറങ്ങാൻ നേരം അവൾ അതീവ സന്തോഷത്തോടെ അയാളോട് പറഞ്ഞു:
"പപ്പേട്ടാ, 
നമ്മുടെ നെല്ലിമരം, പൂത്തിട്ടിണ്ട്ട്ടാ .!
നാല് പൂക്കൾ ഞാൻ കണ്ട്."
അയാൾ അവൾക്ക് കേൾക്കാൻ കഴിയുംവിധം, സ്ഥിരമായി ചെയ്യാറുള്ളതുപോലെ, ആ ഇരുട്ടിൽ ചെറുതായി പുഞ്ചിരിച്ചു. അയാൾക്ക് അത് വലിയ കാര്യമൊന്നും ആയിരുന്നില്ല. മുറ്റത്ത് താൻ പ്രാഥമിക കൃത്യം ചെയ്യുന്നിടത്തായിരുന്നു അവൾ ആ മരം കൊണ്ടുനട്ടത്. എന്നിട്ടും ആദ്യമൊക്കെ അയാൾ അവിടെ തന്നെ കാര്യം സാധിച്ചു. പിന്നീട് അവളുടെ നിർബന്ധത്തിനും സ്നേഹശാസനയ്ക്കും വഴങ്ങി പല്ലു തേപ്പ് ഒഴികേ മറ്റെല്ലാം മറ്റോരിടത്ത് മാറ്റുകയായിരുന്നു. അത്രയേ പപ്പന് ആ നെല്ലിമരത്തിനോട് പ്രിയമുണ്ടായിരുന്നുള്ളൂ..

   അന്ന് സൂര്യൻ നേരത്തെ ഉദിച്ചു. പക്ഷേ, മേഘപാളികൾ തമ്മിലുരസി ആകാശം ഇടയ്ക്കിടെ മുരണ്ടുകൊണ്ടിരുന്നു..
അടുക്കള ജോലികൾ തിരക്കിട്ട് തീർത്ത്
കല്ലു രാവിലെ പണിക്ക് പോകാൻ മുറ്റത്ത് ഇറങ്ങിയപ്പോൾ, നെല്ലിമര ചുവട്ടിൽ സ്ഥിരം കാഴ്ചയായ പപ്പനില്ല. എഴുനേറ്റ് കാണില്ല, എന്ന് കരുതി മുറിക്കുള്ളിൽ ചെന്നു നോക്കിയപ്പോൾ, അവിടെ ചാണകം മെഴുകിയ നിലത്ത് വിരിച്ചിട്ട-പലയിടത്തായി ഓട്ടവീണ- പുൽപ്പായയിൽ നിശ്ചലനായിക്കിടക്കുന്നു പപ്പൻ. തുറന്നിരിക്കുന്ന കൺപോളകൾ, അതിനകത്ത് അയാളുടെ കണ്ണുകൾ അസാധാരണമാവിധം, പുറത്തേക്ക്‌ ഉന്തിയിരിക്കുന്നു. അപകടത്തിനു ശേഷം അപ്രത്യക്ഷമായ കൃഷ്ണമണികൾ ഒരു പൊട്ടുപോലെ ആ തള്ളലിൽ കണ്ണുകളിൽ നിന്നും വീർപ്പുമുട്ടി പുറത്ത്‌ ചാടാൻ നിൽക്കുന്നതുപോലെ.. അപ്പോഴും അയാളുടെ കറുത്ത് തടിച്ച ചുണ്ടുകൾ 'തന്നെ ഞാൻ ശ്രെദ്ധിക്കുന്നുണ്ട്‌ കല്ലൂ..'
എന്ന് അറിയിക്കാൻ വേണ്ടീയെന്നോണം പുഞ്ചിരിക്കാൻ ശ്രെമിച്ചുകൊണ്ടിരിക്കുന്നതായി അവൾക്ക് തോന്നി. തന്റെ ഭർത്താവിനെ എന്നെന്നേക്കുമായി തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. എന്ന യാഥാർഥ്യം വൈകാതെ മനസ്സിലാക്കിയിട്ടും,
എന്തുകൊണ്ടോ അവൾ നിലവിളിച്ചില്ല. കരഞ്ഞില്ല. കണ്ണുകൾ നനഞ്ഞില്ല. അവൾ അയാളുടെ ശരീരത്തിനടുത്ത് ഇരുന്നു. മൌനമായി 4 ദിവസം..

അടുത്തൊന്നും ആൾതാമസമില്ലാത്തതിനാൽ, പപ്പന്റെ മരണ വിവരം പുറത്താരുമറിഞ്ഞില്ല.
തുടർച്ചയായ ദിവസങ്ങളിൽ കല്ലുവിനെ കാണാതായപ്പോൾ, മണൽവാരൽ സംഘത്തിൽ ചിലർ അവളുടെ കുടിലിൽ അന്വേഷിച്ചെത്തി. വളരെ ദൂരത്ത് നിന്നും മൃദദേഹത്തിൽ നിന്നുമുയരുന്ന ദുർഗന്ധം അവരെ വരവേറ്റു.. മരണ വിവരം പുറത്തായതോടെ, അതുവരെ ഉണ്ടായിരുന്നിട്ടില്ലാത്ത ബന്ധുക്കളൊക്കേയും മണിക്കൂറുകൾക്കുള്ളിൽ ആ കുടിലിൽ എവിടെനിന്നൊക്കെയോ പൊട്ടിവീണു.
ദിവസങ്ങൾക്ക് മുൻപ്, അവൾ കൊണ്ടുവന്ന പനയോലകൾ ചേർത്ത് കെട്ടി, പുഴുവരിച്ച് തുടങ്ങിയ പപ്പന്റെ ജഡം കുറച്ചുപേർ ചേർന്ന് മുറ്റത്ത് കൊണ്ട് വച്ചു.
അതിനിടയിൽ വിധവയ്ക്ക് കിട്ടാൻ പോകുന്ന സൌഭാഗ്യങ്ങളെക്കുറിച്ച്, ഒരാൾ ഉറക്കെ വാചാലനായി:
"പുരുഷൻ ചത്താ, ഓക്ക് സർക്കാന്ന് കൊറേ പൈശ ഒക്കേ കിട്ടും. മക്കളാരും
ഇല്ലാത്തോണ്ട് വേറേം കിട്ടും."
ചിലരത് എറ്റ് പിടിച്ചു, കിട്ടുന്ന തുകയുടെ കണക്ക് പറഞ്ഞ് തർക്കിച്ചു. മറ്റുചിലർ വാ പൊളിച്ച് അത് വീക്ഷിച്ചുംകൊണ്ടിരുന്നു.
അവർക്കിടയിൽ വൃദ്ധനായ ഒരു മനുഷ്യൻ ഒന്നും മിണ്ടാതെ കണ്ണടച്ചിരിക്കുന്നു..
ശബ്ദകോലാഹലങ്ങൾ മരണവീടെന്ന യാഥാർഥ്യം മറന്ന്, കല്യാണപ്പുരയിലെന്ന പോലെ അലയടിച്ചുയർന്നു കൊണ്ടിരുന്നു..
ചർച്ചാവിഷയങ്ങൾ രാഷ്ട്രിയം മുതൽ സിനിമവരെയെത്തി. ഒടുവിൽ സഹികെട്ട് ആ വൃദ്ധൻ അവിടെനിന്നും എഴുനെറ്റ് നെല്ലിമരത്തിന്റെ അടുത്തേക്ക് പതിയെ നടന്നു. പ്രായം തളർത്തിയ കണ്ണുകൾ വിടർത്തി ആദ്യമായി പൂത്തപൂവുകൾ അയാൾ വീക്ഷിച്ചു. അതിൽ ചിലത് കായ്ച്ച് തുടങ്ങിയിരിക്കുന്നു. വൃദ്ധൻ, ആ കുള്ളൻ മരത്തിന് കീഴെ കഷ്ടിച്ചിരുന്നു. നീരുവന്ന കാലുകൾ രണ്ടും ശ്രമപ്പെട്ട് നീട്ടി, നടുനിവർത്തി. ആകാശത്ത് സൂര്യനെ മറച്ച കാർമേഘങ്ങളെ നോക്കിക്കൊണ്ടിരുന്ന അയാളിലേക്ക്, പപ്പന്റെ രൂപം തെളിഞ്ഞു വന്നു. പിന്നാലെ എന്നോ മറന്നുപോയ പലമുഖങ്ങൾ മാറിമാറി പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. അവരൊക്കെ മരിച്ചവരാണെന്ന ബോധം ആ വൃദ്ധന്റെ
മരവിച്ചു കിടന്ന ഒർമ്മയുടെ അതിരുകൾ ബേധിച്ച് ആഞ്ഞടിച്ചു.

അന്ന് വർഷം 2004. പെട്ടെന്നൊരുദിവസം
നിലാവിനെ കുത്തിമലർത്തി ആകശം ഒരു മുന്നറിയിപ്പും കൂടാതെ ഇരുട്ടുലമർന്നു.
വളർത്തുമൃഗങ്ങൾ അസാധാരണമാംവിധം ഒച്ചവച്ചു. എന്തോ അപകടം വരാൻ പോകുന്നതിന്റെ സൂചനയാണതെന്ന്
പ്രായമായവരും സ്ത്രീകളും ഭയപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ ശക്തമായ പേമാരി ആരംഭിച്ചു. അധികം വൈകുംമുമ്പേ പലയിടത്തും ചെറുകുലുക്കം അനുഭവപ്പെട്ടുതുടങ്ങി. അതിന്റെ ശക്തി ഓരോ അരമണിക്കൂറിലും വർദ്ധിച്ചു വർദ്ധിച്ചു വന്നു.
കടലടിത്തട്ടിൽ രൂപപ്പെട്ട ചെറിയ ഭൂമികുലുക്കം എന്ന് പിന്നീട് വിലയിരുത്തിയ,
സുനാമിയുടെ വരവറിയിച്ചും കൊണ്ടുള്ളതായിരുന്നു അതുവരെ ഉണ്ടായ പേമാരിയും, ഭൂമികുലുക്കവുമൊക്കെ.!
സമയം രാത്രി പന്ത്രണ്ടുമണി കഴിഞ്ഞുകാണും, കരയോടുചേർന്ന് ബന്ധിപ്പിച്ചിരുന്ന വള്ളങ്ങളെയും ചെറുബോട്ടുകളെയും മറിച്ചിട്ട്, കടൽബിത്തികൾ തകർത്ത്, ശാന്തമായി ഉറങ്ങിക്കൊണ്ടിരുന്ന പാതിരാത്രിയെ ഒരു കാളരാത്രിയാക്കി മാറ്റിക്കൊണ്ട് രാക്ഷസത്തിരമാലകൾ കടലടിത്തട്ടിൽ നിന്നും ഉയർന്ന് പൊങ്ങി, കരയിലേക്ക് അതിവേഗം ആഞ്ഞടിച്ചുക്കൊണ്ടിരുന്നു..
സാധാരണ ജീവിതം നയിച്ചുപോന്ന ഒരു കൂട്ടം തീരദേശവാസികൾക്കിടയിലേക്ക് ഒരു വൻപ്രളയമായി മാറി മണിക്കൂറുകളോളം തുടർച്ചയായി അത് ജീവൻ കവർന്നെടുത്തുക്കൊണ്ടിരുന്നു. ഓലമേഞ്ഞ ചെറുകുടിലുകളിൽ നാളെയെ സ്വപനം കണ്ടു ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ അടുത്ത ദിവസം പലയിടത്തായി അടിഞ്ഞുകൂടി. വർഷമിത്രകഴിഞ്ഞിട്ടും ഇന്നും പലരിലും ആ മുറിവുകൾ, മനസ്സിൽ വലിയൊരു നീറ്റലായി, ഉണങ്ങാതെ കിടക്കുന്നു. സമൂഹത്തിൽ ഒറ്റപ്പെട്ട്, സർക്കാറിൽ നിന്നുപോലും
അർഹമായ ആനുകൂല്യങ്ങളോ സഹായങ്ങളൊ ഒന്നും ലഭിക്കാതെ അവർ ആർക്കോവേണ്ടി ജീവിക്കുന്നു.. മത്സ്യത്തൊഴിൽ ചെയ്ത് ജീവിച്ചിരുന്ന കുറേയേറെ കുടുംബങ്ങൾ വെറും കയ്യോടെ എന്നെന്നേക്കുമായി ഗ്രാമം വിട്ടു. അന്നം തന്ന കടൽ ഒരു രാത്രികൊണ്ട് അവർക്ക് ഭീകര ജീവിയായി.. പപ്പനെ പോലെ ചുരുക്കം ചിലർ മാത്രം പോകാൻ ഒരിടമില്ലാതെ, വീണ്ടുമവിടെ  ചെറുകുടിലുകൾ പണിതുയർത്തി ഒറ്റപ്പെറ്റ് താമസിച്ചു.

ഓർമ്മയിൽ നിന്ന് പലതും കൊത്തിവലിക്കാൻ തുടങ്ങിയപ്പോൾ,
അയാളുടെ കണ്ണുനിറഞ്ഞു.
നെല്ലിമരത്തിന്റെ ചെറുവേരുകളിൽ ഉണങ്ങിപിടിച്ച ഉമിക്കരി കറകൾ ചേറുനിറഞ്ഞ തന്റെ ചൂണ്ടുവിരളിലെ നഖംകൊണ്ട് ആ വൃദ്ധൻ ചുരണ്ടിക്കൊണ്ടിരുന്നു..

''കുമാരേട്ടാ ..''
കുംമ്പിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ തോളിൽ ഒരു മെലിഞ്ഞുണങ്ങിയ കൈസ്പർശമേറ്റപ്പോൾ അയാളൊന്ന് ഞെട്ടി.
"കുമാരേട്ടാ, ഇപ്പോൾ തന്നെ നാല്ദിവസം  കഴിഞ്ഞില്ലേ.. ഇനിയും വച്ചിരിക്കണൊ.?" ഒട്ടും പരിചിതമല്ലാത്ത ഒരു പതിഞ്ഞ ശബ്ദം കേട്ടപ്പോൾ, അദ്ദേഹം മെല്ലെ തലയുയർത്തി.
തന്റെ മുൻപിൽ മുട്ടുകാലിൽ നിൽക്കുന്നു,
വെളുത്തു മെലിഞ്ഞ ഒരു മനുഷ്യൻ.
കൂർത്ത ചെറിയ മുഖം ആദ്യമൊന്നു അപരിചിതത്വം തോന്നിപ്പിച്ചെങ്കിലും, അടുത്ത നിമിഷം, നിറകണ്ണുകളോടേ അദ്ദേഹം തിരിച്ചറിഞ്ഞു.
വർഷങ്ങൾക്ക് മുൻപ്, പ്രളയത്തിൽ കുടുംബവും വീടും നഷ്ടപ്പെട്ട അരവിന്ദൻ.!
''രഘൂന്റെ മോനല്ലേ...?''
ആ വൃദ്ധൻ വേച്ച് വെച്ച് എഴുനേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ ചോദിച്ചു:
"കുട്ടി ഇത്രേം കാലം...?"
അരവിന്ദൻ ഒന്നും മിണ്ടിയില്ല.
രണ്ടുകൈകളും കൊണ്ട് അദ്ദേഹത്തെ താങ്ങി എഴുനേൽപ്പിച്ച് നെല്ലിമരത്തിന്റെ ചോട്ടിൽ ചാരി നിർത്തി.
"മോനേ... നീ എവിടെയായിരുന്നു.?"
അദ്ദേഹം വീണ്ടും ചോദിച്ചു.
"ഞാൻ..."
വീടിനു പുറത്ത് പൊതിഞ്ഞു കെട്ടിവച്ചിരിക്കുന്ന പപ്പന്റെ മൃതദേഹത്തിനു നേരെ മുഖം തിരിച്ച് അരവിന്ദൻ പറഞ്ഞുതുടങ്ങി:
"അന്ന് അപ്പനേം അമ്മയേം കടലമ്മ കൊണ്ടുപോയപ്പോ, വാവിട്ട് കരഞ്ഞുകൊണ്ടിരുന്ന എന്നെ കുമാരേട്ടൻ
ഓർക്കുന്നുണ്ടോ.. ആ ദുരന്തത്തിൽ ശേഷിച്ചവർ താൽക്കാലിക ഷെൽട്ടറിലേക്ക് മാറി. 'ജനങ്ങൾ ജീവിതത്തിലേക്ക് തിരിച്ചുകയറി വന്നുകൊണ്ടിരിക്കുന്നു.' എന്ന് ടിവി റിപ്പോർട്ടേഴ്സ് വന്ന് ഉറക്കെ പ്രഖ്യാപിച്ചു. എന്തൊക്കെ ദുരന്തങ്ങൾ ഉണ്ടായാലും എല്ലാ ജീവജാലങ്ങളും അതിനെ അതിജീവിക്കാനുള്ള പൂർണ്ണ പരിശ്രമം എല്ലായ്പ്പോഴും തുടർന്ന് കൊണ്ടിരിക്കും. എന്ന് കുമാരേട്ടൻ പലപ്പോഴും പറയാറണ്ടായിരുന്നില്ലേ.. അതിനുദാഹരണമായി പപ്പേട്ടന്റെ ജീവിതം എത്രയോതവണ ചൂണ്ടിക്കാണിച്ചിരിക്കുന്നു.
കുമാരേട്ടാ, അത് മാത്രമായിരുന്നു അവർ പറയുന്ന ആ തിരിച്ചുകയറൽ. കുടുംബവും വീടും ഉറ്റവരും ഓമന വളർത്തുമൃഗങ്ങളും നഷ്ടപ്പെട്ടവർക്കിടയിൽ, ഞാൻ എന്തിനെ, എങ്ങനെ അതിജീവിക്കണം എന്നറിയാതെ നാലാം ദിനവും നിർത്താതെ നിലവിളിച്ചു കരഞ്ഞു...
കണ്ടില്ലേ കുമാരേട്ടാ..."
പപ്പന്റെ മൃതദേഹത്തിനടുത്ത് അതേ നിശബ്ദതയോടെ നിലത്തിരിക്കുന്ന കല്ലുവിനെ ചൂണ്ടി അരവിന്ദൻ ഒരു നിമിഷം മൗനത്തിലായി. പിന്നെ ചുണ്ടിൽ  ഇല്ലാത്തൊരു പുഞ്ചിരി വരുത്തിച്ച്കൊണ്ട് പറഞ്ഞു:
"കുമാരേട്ടാ, ഒറ്റപ്പെടലിന്റെ മറ്റൊരു ഭാവം കണ്ടോ ആ പാവം സ്ത്രീയുടെ മുഖത്ത്."
പക്ഷേ, ഒരു വശത്ത് വിലപ്പെട്ടതൊന്ന്  നഷ്ടപ്പെട്ടപ്പോൾ, മറ്റൊരുവശത്ത്
നഷ്ടപ്പെട്ട മറ്റെന്തോ തിരിച്ച് കിട്ടിയ സന്തോഷമായിരുന്നു ആ വൃദ്ധന്റെ മുഖത്ത്.
"മോനേ.. നിന്നെ പലയിടത്തും ഈ കുമാരേട്ടൻ അന്വേഷിച്ചു. കണ്ടെത്താൻ കഴിയാതായപ്പോൾ നീയും.. അവരുടടുത്തേക്ക്.."
പറഞ്ഞു മുഴുവിപ്പിക്കാൻ ആവാതെ അദ്ദേഹം വിതുമ്പി.
"ഞാനും അപ്പന്റെയും അമ്മയുടെയും കൂടെ പോകുമായിരുന്നു, കരഞ്ഞു തളർന്ന എന്നെ അന്ന് കുമാരേട്ടൻ സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയില്ലായിരുന്നെങ്കിൽ.
അവൻ പറഞ്ഞു:
"അവിടുന്ന് മൂന്നാം ദിനം ഞാൻ നിങ്ങളുടെ സ്നേഹതണലിൽ നിന്നും ആരുമറിയാതെ അടുത്ത ഗ്രാമത്തിലേക്കാണ് പോയത്. ഈ നശിച്ച സ്ഥലത്ത് നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടേണം എന്നെ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.. അവിടെ പല ജോലികളും ചെയ്തു. ആ ഗ്രാമത്തിനു തൊട്ടടുത്താണ് ടൗൺ. അവിടെ വൈകുന്നേരങ്ങളിൽ തിരക്ക് കൂടുന്ന ബീച്ചുകൾ ഉണ്ട്. മനോഹര കടൽക്കാഴ്ചകൾ കാണാൻ, സൂര്യസ്തമയം ആസ്വദിക്കാൻ കമിതാക്കളും കുടുംബവും കൂട്ടുകാരും അങ്ങനെ അങ്ങനെ വളരെയധികം പേര് എന്നുമവിടെ എത്തും.
കുമാരേട്ടാ, പട്ടണം നമ്മൾ കരുതും പോലെ തിരക്കുകൾക്കുള്ളിടം മാത്രമല്ല, അതിനിടയിൽ ഏകാന്തതയും സന്തോഷവും കാംഷിക്കുന്നവരും ഉണ്ട്. അതെ, ആ മണൽ തരികളിലും പാർക്കുകളിലും കാണുന്നത് സന്തോഷത്തിന്റെ തിരക്കുകളാണ്.. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള വെപ്രാളമാണ്.. കടൽകാഴ്ച എല്ലായ്പ്പോഴും അവർക്ക്  ആഘോഷമാണ്."
ഒന്ന് നിർത്തി അരവിന്ദൻ അദ്ദേഹത്തോട് കുറച്ച് കൂടി ചേർന്ന് നിന്നു. 
"കുമാരേട്ടാ.. ഒട്ടും തിരക്കുകളില്ലാത്ത നമ്മളെപ്പോലെയുള്ളവരെ ഈ ഭൂമിക്ക് വേണ്ട.. അവൻ ജീവിച്ചിരുന്നാലും ചത്താലും ഇത് പോലെ ചീഞ്ഞു നാറത്തേയുള്ളൂ..
നമുക്കിനിയും വച്ചിരിക്കണൊ...?"
"ഉം."
ആൾക്കൂട്ടങ്ങളെ നോക്കി കുമാരേട്ടൻ പറഞ്ഞു:
"അവരെ വിളി, കൊണ്ട് പോയിക്കോളൂ... "
രണ്ടുപേരും മൃദദേഹത്തിനടുത്തേക്ക് മെല്ലെ നടന്നു. കുറച്ചു സ്ത്രീകൾ ചേർന്ന് കല്ലുവിനെ പിടിച്ചെഴുനേൽപ്പിച്ചു. പക്ഷെ, ഒട്ടും ബലം പിടുത്തമൊ, പ്രതീക്ഷിച്ചപോലെ അണപൊട്ടിയ കരച്ചിലൊ ഒന്നും ഉണ്ടായില്ല.
കുമാരേട്ടൻ പറഞ്ഞതനുസരിച്ച് തയ്യാറായ അരവിന്ദനടക്കം നാലുപേര് ചേർന്ന്, പപ്പന്റെ മൃതദേഹത്തെ എടുത്ത് മുൻപോട്ട് നീങ്ങി.. നെല്ലിമരത്തിൽ കായ്ക്കാനായ് കാത്തിരുന്ന ചെറുപുവുകൾ, ഒരു വരണ്ട കടൽക്കാറ്റിൽ ഇലകളോടൊത്ത് മെല്ലെ തെന്നി വീണു. പപ്പന്റെ പകൽ പല്ല് തെപ്പിനു, ഇത്രയും കാലം സാക്ഷ്യം വഹിച്ച വളർച്ച മുരടിച്ച ആ ചെറിയ മരം, അയാളുടെ മൃതദേഹത്തോട് ആദരവോടെ വിട പറഞ്ഞു..
അരവിന്ദൻ നിലവിളിച്ച് കരഞ്ഞ നാലുദിനം. കല്ലു നിശബ്ദമായിരുന്ന നാല് ദിനം.
ആരും കാണാനും കേൾക്കാനുമില്ലാതെ ഒറ്റപ്പെട്ടുപോയ രണ്ട് മനുഷ്യർ, അവർക്കിടയിൽ അകാലത്തിൽ കൊഴിഞ്ഞു പോയ പൂവുകൾ..
എല്ലാം ദർശിച്ചുകൊണ്ട്, ശാന്തവും മൗനവും ശക്തവും ഭീകരവുമായ ഭാവങ്ങൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന കടൽ അപ്പോഴും കുറച്ച് ദൂരെ അലയടിച്ചുകൊണ്ടിരുന്നു..