Wednesday 2 March 2016

മടുക്കും മുൻപേ ഓർത്തിരിക്കേണ്ടുന്ന കഥ

പണ്ട് പണ്ട്
ഒരിക്കൽ അടുക്കള
സമരത്തിലിരിക്കെ
വീട്ടുകാരിയറിയാതെ
പാത്രങ്ങളോരോന്നും
അടുക്കിവച്ചിടത്തുനിന്നും
അയൽ വീട്ടിലേക്ക്
ഇറങ്ങിപ്പോയി.

ഇഴഞ്ഞിഴഞ്ഞ് നിലത്തുരസി
വക്ക്‌പൊട്ടി ചോരവാർന്ന്,
വറ്റിയുണങ്ങിയ
പുറം ടാപ്പിൽ നിന്നും
ഒന്നുരണ്ടുതുള്ളി
ചുടുകാറ്റുമാത്രമുറ്റിച്ച് കുടിച്ച്,
സിമന്റുതറയിൽ തലതല്ലി
ശബ്ദകോലാഹലങ്ങളുണ്ടാക്കി,
വിശപ്പില്ലാത്ത അയൽവീട്ടിലേക്ക്...

ആദ്യദിനങ്ങളിൽ,
അതിരാവിലെ വേലക്കാരി
അടുക്കിപ്പെറുക്കിവച്ച്
തേച്ച് കുളിപ്പിക്കുമ്പോൾ
മാത്രമുണ്ടായിരുന്നു ഒരു സുഖം
അനങ്ങാതെയങ്ങനെ കിടക്കും
നല്ല നിറമുള്ള,
മണമുള്ള സോപ്പിലുരച്ച്
അവൾ പതിയെ പതപ്പിക്കും.
അത് കഴിഞ്ഞാൽ പ്രാതൽ
പിന്നെ ഉച്ചയ്ക്ക് ഊണ്
പിന്നെ രാത്രിവൈകി 
വീണ്ടും ചെറുഭക്ഷണം
ജോലിഭാരമൊട്ടുമില്ല.

പഴയ വീട്ടിലായിരുന്നപ്പോൾ
രാവും പകലും
വിശപ്പ്മാത്രമുണ്ട് കിടക്കണം.
കുളിയില്ല,
ഒന്ന് തിരിഞ്ഞിരിക്കണമെങ്കിൽ
ഇടയ്ക്ക് മുറിക്കകത്തുനിന്നും
വരുന്ന വേദനയുറ്റുന്ന
കരച്ചിൽ നിർത്തി
കിടക്കപായയിൽ നിന്നെഴുനേറ്റു-
വന്നവളൊരുത്തി
അടുപ്പ് പുകയ്ക്കണം.

ഇപ്പോഴാകെ കഷ്ടത്തിലാണ്.
പുതിയ വീട്ടിൽ,
അവിടെ ഊണിന്
സമയമാകുമ്പോൾ മാത്രം
പുഞ്ചിരിക്കുന്ന
ആണ്‍പാത്രങ്ങളുണ്ട്.
കറിക്കിത്തിരിയുപ്പുകൂടിയാൽ
പുളികുറഞ്ഞാൽ
ചിരി കറുത്തപ്പോൾ
മാർബിൾതറയിൽ
വരയ്ക്കുന്ന കറിച്ചിത്രത്തിന്
താളം പിടിക്കണം.

ഉറക്കത്തിനിടെ
അടുക്കളവാതിലിലൂടെ
രാത്രിവന്ന് 
ഒഴിഞ്ഞ ഗ്ലാസ് തുമ്പത്ത്
ആർത്തിയോടെ
മരവിച്ച ഉമ്മകൾ വയ്ക്കുന്ന
അന്യപുരുഷനെ തൃപ്തനാക്കണം.

തളർന്നുറങ്ങുന്ന
പൂമൊട്ടുകളോരോന്നും 
വീണ്ടും വീണ്ടും
മണപ്പിച്ച് നോക്കി
നാളെ ഇതിലേത് മണംവിരിയുമെന്ന്
തലപുകഞ്ഞാലോചിച്ച്
ഉറങ്ങാതിരിക്കുന്ന
കൊച്ചമ്മയ്ക്ക് മുറിക്കുള്ളിൽ 
കൂട്ടിരിക്കണം.
അവരുടെ
പാചക പരീക്ഷണങ്ങൾക്ക്
ഓരോ ഒഴിവുദിനങ്ങളിലും
ബലിയാടാവേണം.

പുതുതായ് കയറിവരുന്ന
പുത്തൻ പാത്രങ്ങൾക്കിടയിൽപ്പെട്ട്
ഒടുവിലങ്ങനെ
കറപിടിച്ചു ചുളുങ്ങി
കിടക്കുമ്പോൾ
ഒരുനാളൊരു തമിഴത്തിയുടെ
പ്ലാസ്റ്റിക് സഞ്ചിയിലേറി നാടുകടക്കും.

ഇല്ലാത്ത മടുപ്പിനെ പെരുപ്പിച്ച്
വീടിറങ്ങിപ്പോകുന്ന
'കഥാപാത്രങ്ങളേ'..,
നിങ്ങളീക്കഥ എന്നും
ഓർത്തിരിക്കുമല്ലോ!

വണ്ടിയോട്ടങ്ങൾ ബാക്കിവയ്ക്കുന്നത്

പലവേഗങ്ങളിൽ
പലദിശയിൽ
പാഞ്ഞുപോകുന്ന
വാഹനങ്ങൾ
തമ്മിലുരസിയാൽ
ഉണ്ടാകാവുന്ന മുറിവുകൾ
പലവിധമാണ്.

തുടക്കത്തിൽ,
പുറം കാഴ്ചയിൽ
മോടികാട്ടി
അകത്തെ ചൂടിൽ
വെന്തുരുകി
പതിയെ ഓടിത്തുടങ്ങുന്ന
പുത്തൻ വണ്ടികൾ
യാത്രക്കാരില്ലാത്ത
ഇടുങ്ങിയ വളവുകളിൽ
ഒന്നിച്ചെത്തുമ്പോൾ
ഞാനാദ്യമെന്ന ചിന്തയിൽ
ഇടയ്ക്കിടെ
വേഗത നിറച്ചുകൊണ്ടിരിക്കും.

ഒന്നുപതിയെ ഉരസിയാൽ,
കണ്ണുകൾ കൊണ്ട്
കാണാത്തത്രയും
ആഴത്തിൽ ചികഞ്ഞുനോക്കി
നേർവരകളാലും
കുത്തിവരകളാലും
പുറമേ പൊളിഞ്ഞടരുന്ന നിറങ്ങൾ
ഉടമയെ ആദ്യം ഭയപ്പെടുത്തും.
പിന്നെ പിന്നെ
നഷ്ടക്കണക്കുകളുടെ
ആവർത്തനങ്ങളിലവർ
ക്ഷീണിക്കും.

ചെറുവാഹനങ്ങൾ
തമ്മിലാണെങ്കിൽ
തമ്മിലൊന്നു പുഞ്ചിരിച്ച്,
മുറിവേറ്റിടം ചെറുതായൊന്നു
പരസ്പരം തലോടി
അവരവരുടെ വഴിയേ
കടന്നുപോകും.

യന്ത്രഭാഗങ്ങളിൽ
തേയ്മാനംവരുത്തുന്ന
ഗൂഢയാത്രകളെ
ഉപേക്ഷിച്ചിരിക്കുമ്പോൾ
വന്ന് ചേരുന്ന
ചെറു മടുപ്പുകളെ
അപകടക്കെണിയെന്ന് പുലമ്പി
ചില വണ്ടികൾ,
അതിന്റെ ഹൃദയഭാഗം
വേരോടെ അടർത്തിമാറ്റും.

തുടക്കത്തിൽ
ചെറു വാക്കേറ്റത്തിൽ
തുടങ്ങി,
ഒടുക്കം
പൊട്ടിത്തെറിയും
നീണ്ട നെടുവീർപ്പുകളും
മാത്രമാകുന്ന
ജീവിതം പോലെ തന്നെയാണ്
അശ്രദ്ധയോടും കൂടിയ
പലവണ്ടിയോട്ടങ്ങളും.